തലശേരി: കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്ന വാദം അധികൃതര്‍ തിരുത്താന്‍ തയ്യാറാകണമെന്ന് തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനിക്ക് ലഹരി കലര്‍ന്ന പാനീയം നല്‍കി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുകയുംചെയ്ത സംഭവത്തില്‍ പരാതിക്കാരായ, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അടിയന്തരമായി നീതി ലഭ്യമാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഗൂഢ ലക്ഷ്യത്തോടെയുള്ള ലൗ ജിഹാദ് കേരളത്തിലില്ല എന്ന നിലപാട് ഇനിയെങ്കിലും അധികൃതര്‍ തിരുത്തണം. കുറ്റക്കാരെ കണ്ടെത്തുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഇതര മതസ്ഥരുടെ ഇടയിലുള്ള ആശങ്കകള്‍ ദൂരീകരിക്കാന്‍ കഴിയൂം. പ്രണയം നടിച്ച് മറ്റു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളെ മതം മാറ്റുന്നതിന് പ്രോത്സാഹനം നല്‍കുന്ന ഗൂഢസംഘങ്ങളേയും സംവിധാനങ്ങളേയും കണ്ടെത്തുന്നതിനും തടയുന്നതിനും അധികാരികള്‍ തയാറാകണമെന്നും തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഫാ. തോമസ് തെങ്ങുംപള്ളി, പാസ്റ്ററര്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

