Friday, January 9, 2026

സ്ത്രീധനപീഡനം: ഗർഭിണിയായ 22-കാരി ആത്മഹത്യ ചെയ്തു; മൃതദേഹം ഭർത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് ബന്ധുക്കൾ

പുതുക്കോട്ട: സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗർഭിണിയായ യുവതിയുടെ മൃതദേഹം
ഭർത്താവിന്‍റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് ബന്ധുക്കൾ. തമിഴ്നാട് പുതുക്കോട്ടയിൽ നാഗേശ്വരി (22) എന്ന യുവതിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തെച്ചൊല്ലി ഭർതൃപിതാവും മാതാവും യുവതിയെ നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നു.ഇതിൽ സഹികെട്ടാണ് നാഗേശ്വരിയുടെ ആത്മഹത്യയെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് അരവിന്ദിനെയും ഭർതൃമാതാവ് തങ്കമണിയെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് നാഗേശ്വരിയും അരവിന്ദും വിവാഹിതരായത്. 15 പവൻ സ്വർണ്ണം നൽകിയായിരുന്നു മാതാപിതാക്കൾ നാഗേശ്വര്യയെ വിവാഹം ചെയ്യിപ്പിച്ചത്. തുടർന്ന്, ഗർഭിണിയായതിന് പിന്നാലെ ഭർത്താവും വീട്ടുകാരും സ്ത്രീധനത്തിനായി നാഗേശ്വരിയെ ഉപദ്രവിക്കാൻ തുടങ്ങി.

സ്ത്രീധനപീഡനത്തെക്കുറിച്ച് സ്വന്തം മാതാപിതാക്കളോട് സംസാരിക്കാൻ നാഗേശ്വരിക്ക് ആദ്യം സാധിച്ചിരുന്നില്ല. പിന്നീട് പലതവണ യുവതി സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ ഭർത്താവെത്തി മാപ്പ് പറഞ്ഞു വീണ്ടും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അങ്ങനെയിരിക്കെയാണ് യുവതി വിഷം കഴിച്ചതായി നാഗേശ്വരിയുടെ മാതാപിതാക്കളെ അരവിന്ദൻ അറിയിച്ചത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജേശ്വരിയുടെ മൃതദേഹം ഏറ്റെടുക്കാൻ ഭർത്താവിന്റെ വീട്ടുകാർ തയ്യാറായില്ല. ഇതോടെ യുവതിയുടെ വീട്ടുകാർ പെൺകുട്ടിയെയും വയറ്റിൽനിന്നു പുറത്തെടുത്ത ഏഴുമാസം വളർച്ചയെത്തിയ നവജാത ശിശുവിന്‍റെയും മൃതദേഹങ്ങളുമായി പ്രതിഷേധിച്ചു. ഭർത്താവിന്റെ വീട്ടുമുറ്റത്ത് മൃതദേഹങ്ങൾ കുഴിച്ചിടാൻ ആദ്യം ശ്രമം നടത്തിയെങ്കിലും പോലീസ് ഇടപെട്ട് ഇത് ഒഴിവാക്കുകയായിരുന്നു. പിന്നീട് നൂറോളം വരുന്ന നാട്ടുകാരും ബന്ധുക്കളും ചേർന്ന് ബലമായി അരവിന്ദന്റെ വീട്ടുമുറ്റത്ത് മൃതദേഹങ്ങൾ കുഴിച്ചിടുകയായിരുന്നു.

Related Articles

Latest Articles