ന്യൂജേഴ്‌സിയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ഡ്രോണുകളുടെ ദുരൂഹത ഒരു മാസത്തിനിപ്പുറവും അഴിക്കാനാകാതെ അധികൃതർ. ആകാശത്ത് പ്രത്യക്ഷപ്പെട്ട ഈ വസ്തുക്കൾ ജനങ്ങളുടെ ജീവനോ ദേശീയ സുരക്ഷയ്ക്കോ അപകടം ഉണ്ടാക്കുന്നതല്ല എന്ന വിശദീകരണം മാത്രമാണ് അധികൃതർ നൽകുന്നത്. കാഴ്ചയിൽ ഈ അജ്ഞാത വസ്തുക്കൾ മനുഷ്യ നിർമ്മിതമായ ഡ്രോണുകൾ തന്നെയാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നവംബർ 18 മുതലാണ് ന്യൂജേഴ്‌സിയിൽ ഡസൻ കണക്കിന് അജ്ഞാത ഡ്രോണുകൾ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ന്യൂജേഴ്‌സിയിലെ ഏറ്റവും വലിയ റൗണ്ട് വാലി റിസർവോയറിലേക്കുള്ള ജലപാതയായ രാരിറ്റൻ നദിക്ക് സമീപമാണ് ഡ്രോണുകൾ ആദ്യം കണ്ടതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. പിന്നാലെ ന്യൂജേഴ്‌സിയുടെ തീരപ്രദേശം ഉൾപ്പെടെയുളള മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു.
സൈനിക ഗവേഷണ കേന്ദ്രം, നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ന്യൂജേഴ്‌സിയിലെ ബെഡ്മിൻസ്റ്റർ പട്ടണത്തിലെ ഗോൾഫ് കോഴ്‌സ് എന്നിവയ്ക്ക് സമീപവും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടു. ഡിസംബർ 12 ന് ബ്രോങ്ക്‌സിന് മുകളിലൂടെ നിരവധി ഡ്രോണുകൾ പറക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ സിബിഎസ് ന്യൂസിനോട് പറഞ്ഞു. ന്യൂയോർക്ക് സ്റ്റേറ്റ് പോലീസ് പറയുന്നതനുസരിച്ച്, സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ഡ്രോണുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതായി പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രോട്ടൺ, ന്യൂ ലണ്ടൻ നഗരങ്ങളിൽ ഡ്രോൺ ഡിറ്റക്ഷൻ സിസ്റ്റം വിന്യസിച്ചിട്ടുണ്ട്.
നവംബർ അവസാനത്തോടെ, യുകെയിലെ മൂന്ന് യുഎസ് എയർബേസുകളിൽ അജ്ഞാത ഡ്രോണുകൾ കണ്ടെത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്‌സും സ്ഥിരീകരിച്ചു. ഒക്ടോബറിൽ, വാൾസ്ട്രീറ്റ് ജേണലും വിർജീനിയയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് സമീപം 17 ദിവസത്തോളം നിഗൂഢമായ ഡ്രോണുകൾ കണ്ടതായി റിപ്പോർട്ട് ചെയ്തു.
അമേരിക്കയിലെ നിയമം അനുസരിച്ച് 400 അടി (121 മീറ്റർ) ഉയരത്തിൽ വരെ ഡ്രോണുകൾ പറത്താൻ കഴിയുമെങ്കിലും ഒരു വിമാനത്താവളത്തിന് ചുറ്റുമുള്ള നിയന്ത്രിത വ്യോമാതിർത്തിയിൽ ഡ്രോണുകൾ പറത്താൻ കഴിയില്ല. ഇറാനാണ് ഈ അജ്ഞാത ഡ്രോണുകൾക്ക് പിന്നിലെന്ന് ന്യൂജേഴ്‌സിയിലെ റിപ്പബ്ലിക്കൻ പ്രതിനിധി ജെഫ് വാൻ ഡ്രൂ പറഞ്ഞെങ്കിലും അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കി പെൻ്റഗൺ ഇക്കാര്യം തള്ളിക്കളഞ്ഞു.
ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തി അവയുടെ ഉറവിടവും ഉദ്ദേശ്യവും നിർണ്ണയിക്കണമെന്ന് നിരവധി നിയമനിർമ്മാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട് .അക്കൂട്ടത്തിൽ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഉൾപ്പെടുന്നുണ്ട്.
യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ബെഡ്മിൻസ്റ്റർ, പിക്കാറ്റിന്നി എന്നിവിടങ്ങളിൽ ഡ്രോൺ വിമാനങ്ങൾ നിരോധിക്കുന്ന താൽക്കാലിക ഫ്ലൈറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷിതമല്ലാത്തതോ അപകടകരമോ ആയ പ്രവർത്തനങ്ങൾ നടത്തുന്ന ഡ്രോൺ ഓപ്പറേറ്റർമാർക്ക് 75,000 ഡോളർ വരെ പിഴ ചുമത്തുമെന്നും അവരുടെ ഡ്രോൺ പൈലറ്റ് സർട്ടിഫിക്കറ്റുകൾ റദ്ദാക്കുമെന്നും എഫ്എഎ മുന്നറിയിപ്പ് നൽകി.

