Friday, March 29, 2024
spot_img

ഇന്ത്യ–പാക് അതിർത്തിയിൽ ‍ഡ്രോൺ വെടിവച്ചിട്ടു; ബോംബുകളും ഗ്രനേഡുകളും കണ്ടെത്തി കശ്മീർ പോലീസ്; അമർനാഥ് യാത്ര മുൻനിർത്തി ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് സൂചന

 

ശ്രീനഗർ: ഇന്ത്യ–പാക് അതിർത്തിയോട് ചേർന്ന് ജമ്മു കശ്മീരിലെ കത്വയ്ക്ക് സമീപം വെടിവച്ചിട്ട ഡ്രോണിൽനിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തതായി റിപ്പോർട്ട്. അതിർത്തിക്കു സമീപം ദുരൂഹ സാഹചര്യത്തിൽ കണ്ട ഡ്രോൺ ഞായർ പുലർച്ചെയാണ് കശ്മീർ പോലീസ് വെടിവച്ചിട്ടത്. അതിർത്തിക്ക് സമീപം പതിവു പരിശോധനകൾക്കിടെയാണ് ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ പോലീസ് കണ്ടെത്തിയത്. രാജ്ബാഗ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഡ്രോൺ കണ്ടത്.എന്നാൽ പോലീസ് സംഘം ഉടൻതന്നെ ഇതു വെടിവച്ചിട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏഴു സ്റ്റിക്കി ബോംബുകൾ ഡ്രോണിൽനിന്ന് കണ്ടെത്തിയത്. ഇതിനു പുറമെ ഏഴ് അണ്ടർ ബാരൽ ഗ്രനേഡുകളും പോലീസ് കണ്ടെത്തി. അമർനാഥ് യാത്ര മുൻനിർത്തി ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ ഡ്രോണെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം ചാർധാം തീർഥാടകരുടെ ബസുകൾ ഉന്നമിട്ട് ഭീകരർ സ്റ്റിക്കി ബോംബുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് സ്റ്റിക്കി ബോംബുകളുമായി എത്തിയ ഡ്രോൺ അതിർത്തിക്കു സമീപം വെടിവച്ചിട്ടത്. കൂടാതെ ഡ്രോണുകളിൽനിന്ന് കണ്ടെത്തിയ പൊതികളിൽ ലഹരി മരുന്നായിരിക്കാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും ലഹരി മരുന്നും കടത്തുന്നതിന് ഡ്രോണുകൾ ഉപയോഗിക്കുന്നതായി നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു.മാത്രമല്ല ശനിയാഴ്ച പൂഞ്ചിൽ കടത്താൻ ശ്രമിച്ച 44 കിലോ ലഹരി മരുന്ന് സൈന്യവും പൊലീസും ചേർന്നു പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles