തിരുവനന്തപുരം: സംസ്ഥാന പോലീസ് ആസ്ഥാനത്തിനു മുകളിൽ വീണ്ടും ഡ്രോണ്‍. ആസ്ഥാനത്തിന്റെ അഞ്ചാം നിലയ്ക്കു സമീപമാണു ഡ്രോണ്‍ പറന്നത്. ഇത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധയിൽ പെടുകയും അവർ മേലധികാരികളെ വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
രണ്ട് മാസം മുന്‍പും പോലീസ് ആസ്ഥാനത്തിനു മുകളിലൂടെ ഡ്രോണ്‍ പറന്നിരുന്നു. അന്ന് സമീപത്തെ കല്യാണ ഓഡിറ്റോറിയത്തിൽ ചിത്രീകരണത്തിനായി എത്തിച്ച ഡ്രോണ്‍ ക്യാമറ നിയന്ത്രണം വിട്ട് ആസ്ഥാനത്തിനു മുകളിലൂടെ പറക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വേളി വിഎസ്എസ് സിക്കു സമീപവും കോവളം ബീച്ച് ഭാഗത്തും പറന്ന അജ്ഞാത ഡ്രോണിനെ കുറിച്ചു പോലീസിന് ഇതേവരെ കാര്യമായ വിവരം ലഭിച്ചില്ല. അർധരാത്രിയിൽ ഡ്രോണ്‍ പറന്നതിനെത്തുടർന്ന് സൈനിക വിഭാഗങ്ങളും പോലീസും വിമാനത്താവള അധികൃതരും അതീവ ജാഗ്രതാനിർദേശം നൽകിയിരുന്നു. ഇത് പിന്നീട് പിൻവലിച്ചു.
വെള്ളിയാഴ്ച പുലർച്ചെ ഒന്നു മുതലാണു ഡ്രോണുകൾ പല മേഖലകളിലായി കണ്ടത്. ഇതേതുടർന്ന് തലസ്ഥാനത്തു ഡ്രോണ്‍ ഉപയോഗിക്കുന്ന പ്രഫഷണൽ വീഡിയോഗ്രാഫർമാരെയും സ്റ്റുഡിയോക്കാരെയും പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തെങ്കിലും കാര്യമായ വിവരം ലഭിച്ചില്ല. സൈബർ പോലീസ് സഹായത്തോടെ ഇത്തരം സംഘങ്ങളുടെ മൊബൈൽ ഫോണുകൾ നിരീക്ഷിക്കുന്നുണ്ട്.

