Saturday, May 4, 2024
spot_img

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുര്‍മു നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; പത്രികയില്‍ മുര്‍മുവിന്റെ പേര് നിർദ്ദേശിക്കുന്നത് പ്രധാനമന്ത്രി

ദില്ലി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾ ദ്രൗപതി മുർമുവിനെ അനുഗമിക്കും. ചടങ്ങില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ക്ഷണമുണ്ട്. പത്രികയില്‍ പ്രധാനമന്ത്രിയാകും മുര്‍മുവിന്റെ പേര് നിർദ്ദേശിക്കുന്നത്.

എന്നാൽ, തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണ തേടാനാണ് ബിജെപി നീക്കം നടത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് ചുമതല നൽകിയിട്ടുണ്ട്.

ദ്രൗപദി മുര്‍മു മികച്ച രാഷ്ട്രപതിയാകുമെന്ന് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ദരിദ്രരുടെ ഉന്നമനത്തിന് വേണ്ടി മാറ്റിവച്ച ജീവിതമാണ് ദ്രൗപദിയുടേത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച വ്യക്തിത്വമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

രാഷ്ട്രപതി സ്ഥാനാർഥിയാകുന്ന ആദ്യ ഗോത്രവർഗ പ്രതിനിധിയാണ് ദ്രൗപതി മുർമു. വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ടിച്ച ദ്രൗപതി മര്‍മു ഒഡിഷയില്‍ നിന്നുള്ള ബിജെപി നേതാവാണ്. 2015ൽ ദ്രൗപതി ജാർഖണ്ഡിന്റെ ​ഗവർണറായി. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ​ഗവർണറായി ദ്രൗപതി മുർമു മാറി. 2000ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിക്കുന്നത്. റെയ്റാങ്പുർ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി ജയിച്ചത്. തുടർച്ചയായി രണ്ട് തവണ എംഎൽഎയായി. 2000ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-​ഗതാ​ഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃ​ഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്കാരം). ജാർഖണ്ഡിന്റെ ആദ്യ വനിതാ ​ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിനാണ്.

Related Articles

Latest Articles