നോയിഡ: ഗ്രേറ്റർ നോഡിയഡിൽ വൻ മയക്കുമരുന്ന് വേട്ട. ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ഉടമസ്ഥതയിലുള്ള വീട്ടിൽനിന്നാണ് 1818 കിലോ സ്യുഡോഫെഡ്രിൻ മയക്കുമരുന്നും 1.8 കിലോ കൊക്കെയ്നും പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് വിപണിയിൽ 1000 കോടി രൂപയിലധികം വിലവരും. രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത് . കഴിഞ്ഞ മൂന്നു വർഷത്തിനിടെ ലോകത്ത് നടക്കുന്ന ഏറ്റവും വലിയ സ്യുഡോഫെഡ്രിൻ വേട്ടയും ഇതാണ്.
കേസുമായി ബന്ധപ്പെട്ട ഒരു ദക്ഷിണാഫ്രിക്കൻ സ്വദേശിയെയും രണ്ട് നൈജീരിയക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഐപിഎസ് ഓഫീസർ ഡിപിഎൻ പാണ്ഡേയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഇദ്ദേഹം ഇപ്പോൾ ഉത്തർപ്രദേശ് പോലീസിൽ സാമ്പത്തിക കുറ്റാന്വേഷണ ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിച്ചുവരികയാണ്.
വീട് വാടകക്കെടുത്ത സംഘം ഇവിടെ വൻതോതിൽ മയക്കുമരുന്ന് ഉൽപ്പാദിപ്പിച്ചുവരികയായിരുന്നു.
അതേസമയം ഒരു ഇടനിലക്കാരൻ വഴിയാണ് വീട് വാടയ്ക്കു കൊടുത്തതെന്നും അവിടെ നടക്കുന്ന കാര്യങ്ങളെപ്പറ്റി തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും ഡിപിഎൻ പാണ്ഡേ വ്യക്തമാക്കി

