കോഴിക്കോട്: കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് പേർ പിടിയിൽ. മെഡിക്കൽ കോളേജ് സ്വദേശിയായ തയ്യിൽ വീട്ടിൽ ഫാസിൽ, ചെലവൂർ സ്വദേശി പൂവത്തൊടികയിൽ ആദർശ് സജീവൻ എന്നിവരാണ് എംഡിഎംഎ യുമായി പിടിയിലായത്.
ഇന്നലെ പുലർച്ചെ കാറിൽ സംശയാസ്പദമായ സാ ഹചര്യത്തിൽ കാണപ്പെട്ട യുവാക്കളെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികളിൽ നിന്ന് 36 ഗ്രാം എംഡിഎംഎയും അളന്ന് വിൽപന നടത്തുന്നതിനായി ഉപയോഗിക്കുന്ന പോക്കറ്റ് ത്രാസും പായ്ക്ക് ചെയ്യുന്ന ചെറിയ കവറുകളും കാറും പിടിച്ചെടുത്തു.
ബാംഗ്ലൂരിൽ നിന്നും എത്തിച്ച സിന്തറ്റിക് മയക്കുമരുന്ന് ആവശ്യക്കാർക്ക് കൈമാറുവാൻ സിറ്റിയിൽ എത്തിയപ്പോഴാണ് പ്രതികൾ പോലീസിൻ്റെ വലയിലായത്.
കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മന്റെ നേതൃത്വത്തിലുളള സിറ്റി ക്രൈം സ്ക്വാഡും ആൻ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സക്വാഡും സബ് ഇൻസ്പെക്ടർ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

