Sunday, May 19, 2024
spot_img

യുവതിയെ കുത്തിക്കൊന്ന കേസിൽ ആടിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

സുഡാൻ: ആടിന്റെ കുത്തേറ്റ് സ്ത്രീ മരിച്ച സംഭവത്തിൽ കൊലപാതകക്കുറ്റത്തിന് ആടിനെ മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. സുഡാനിലെ പ്രാദേശിക കോടതിയാണ് വിചിത്രവും വ്യത്യസ്തവുമായ ഈ ശിക്ഷാവിധി പുറപ്പെടുവിച്ചത്. യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് വർഷം തടവ് ശിക്ഷയാണ് മുട്ടനാടിന് വിധിച്ചിരിക്കുന്നത്.

ഈ മാസം ആദ്യമായിരുന്നു മുട്ടനാട് സ്ത്രീയെ കുത്തി കൊലപ്പെടുത്തിയത്. ആദിയു ചാപ്പിംഗ് (45) എന്ന ദക്ഷിണ സുഡാൻ സ്വദേശിയാണ് ആടിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചാപ്പിംഗിന്റെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റാണ് മരണം സംഭവിച്ചത്. യുവതിയെ രക്ഷിക്കാൻ സമീപത്തുള്ളവർ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. സംഭവത്തെ തുടർന്ന് പോലീസ് ആടിനെ കസ്റ്റഡിയിലെടുത്തു.

ആടിന്റെ ഉടമസ്ഥൻ നിരപരാധിയാണെന്നും കുറ്റം ചെയ്തത് ആടാണെന്നും അതിനാൽ ആടിന് അർഹമായ ശിക്ഷ ലഭിക്കണമെന്നും മേജർ എലിജ മബോർ പറഞ്ഞു. എന്നാൽ ആടിനെ ജയിലിൽ പാർപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലേക്ക്‌സ് സ്റ്റേറ്റിലെ അഡ്യുവൽ കൗണ്ടി ആസ്ഥാനത്തുള്ള സൈനിക ക്യാമ്പിലേക്കായിരിക്കും ആടിനെ മാറ്റുന്നത്. കൂടാതെ ആടിന്റെ ഉടമ യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് പശുക്കളെ കൈമാറണമെന്നും കേസിന്റെ വിധിയിൽ വ്യക്തമാക്കി.

Related Articles

Latest Articles