Friday, January 9, 2026

അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റിനും സാധ്യത, 13 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടാല്‍ ചുഴലിക്കാറ്റുണ്ടാകാനും സാധ്യതയുണ്ട്. 24 വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. ഇതിന് ശേഷം ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണ് വിലയിരുത്തല്‍.

അതിനിടെ, ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുന്നുണ്ട്. ഇത് ആന്ധ്ര തീരംവഴി കരയിലേക്കു കടക്കാനാണ് സാധ്യത. ഇതും കേരളത്തില്‍ മഴയെത്തിക്കും. ഇതിനു ശേഷം ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയില്‍ വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെട്ട് വീണ്ടും ശക്തമായ മഴയ്ക്കു കളമൊരുക്കുമെന്ന് യുഎസിലെയും ജപ്പാനിലെയും കാലാവസ്ഥാ ഏജന്‍സികള്‍ പറയുന്നു.

തമിഴ്നാടിനും കന്യാകുമാരിക്കും ഇടയില്‍ രൂപപ്പെടുന്ന ഈ ന്യൂനമര്‍ദം തെക്കന്‍ കേരളത്തിനു മുകളിലൂടെ അറബിക്കടലിലേക്കു വന്നാല്‍ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കും. ചൈനയില്‍ നിന്നുള്ള മഴമേഘങ്ങളും ഈ സമയം ബംഗാള്‍ ഉള്‍ക്കടലില്‍ എത്താനിടയുണ്ട്

Related Articles

Latest Articles