Tuesday, January 6, 2026

കടത്ത് സ്വർണ്ണം തട്ടിയെടുക്കുന്ന സംഘത്തിൽ പ്രധാനി; ഡി വൈ എഫ് ഐ പ്രവർത്തകനും കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവുമായ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍; അന്യസംസ്ഥാനത്തടക്കം പോലീസ് തിരയുന്ന കുറ്റവാളി പിടിയിലായത് പാർട്ടി ഗ്രാമത്തിൽ നിന്ന്

മലപ്പുറം: സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ ഡി വൈ എഫ് ഐ പ്രവർത്തകനും കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവുമായ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ് അര്‍ജുന്‍ ആയങ്കിയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍. വിമാനത്താവളങ്ങൾ വഴി അനധികൃതമായി കടത്തിക്കൊണ്ട് വരുന്ന സ്വർണ്ണം തട്ടിയെടുക്കുന്ന സംഘങ്ങളെയാണ് പൊട്ടിക്കൽ സംഘങ്ങൾ എന്നറിയപ്പെടുന്നത്. 2021-ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കേസില്‍ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു.

കരിപ്പൂരില്‍ ഒരുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണവുമായി അന്യസംസ്ഥാനത്തടക്കം പോലീസ് എത്തിയിരുന്നു. തുടര്‍ന്നാണ് പയ്യന്നൂരില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചത്. ഉമ്മര്‍കോയ എന്ന ആളുമായി ചേര്‍ന്ന് നടന്ന സ്വര്‍ണം പൊട്ടിക്കല്‍ കേസിലാണ് അറസ്റ്റ്. ദുബായില്‍ നിന്നെത്തുന്ന 975 ഗ്രാം സ്വര്‍ണം കരിപ്പൂരിലെത്തിച്ച് തട്ടിയെടുക്കുകയായിരുന്നു പദ്ധതി. കേസില്‍ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച് സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തുകയായിരുന്നു. പിന്നീടിയാളെ സ്ഥിരം കുറ്റവാളിയായി കണക്കാക്കി കാപ്പ ചുമത്താന്‍ വരെ ശുപര്‍ശ ചെയ്തിരുന്നു.

Related Articles

Latest Articles