ഇ-ബുൾ ജെറ്റിനെ അറസ്റ്റ് ചെയ്യുകയും അവരുടെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്ത വാർത്തയാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിലും മറ്റും ചർച്ചാവിഷയം. അതിനെതിരെ കേരളം കത്തിക്കും മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റുകളെല്ലാം ഹാക്ക് ചെയ്യും ഔദ്യോഗിക സോഷ്യൽ മീഡിയാ പേജുകളിൽ പൊങ്കാലയിടും തുടങ്ങിയ ഭീഷണികളും കത്തിയും തോക്കും ഉപയോഗിച്ചുള്ള ഭീഷണികളും സജീവമായി. ഇബുൾജെറ്റ് മാമന്മാരെ വെറുതെ വിട്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്ന ഭീഷണി വരെ ഉണ്ടായി.
ഇത് വലിയൊരു സാമൂഹികപ്രശ്നമാണ് എന്നതിൽ യാതൊരു തർക്കവുമില്ല. നമ്മുടെ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അരാഷ്ട്രീയവത്കരണത്തിൻ്റെ ഭാഗമായിട്ടാണ് ഇത്തരം മോബുകളുണ്ടാവുന്നത്. യാതൊരുവിധ കാഴ്ച്ചപ്പാടുകളുമില്ലാത്ത ആൾക്കൂട്ടങ്ങൾ ഉണ്ടായിവരുമ്പോൾ നാം ഭയപ്പെടേണ്ടിയിരിക്കുന്നു.
ഇ ബുൾ ജെറ്റ് വിവാദവുമായി ബന്ധപ്പെട്ട വാർത്തകളും വിഡിയോകളും കണ്ടപ്പോൾ ചെറുതല്ലാത്ത ഭയമാണ് തോന്നിയത്.
കേരളത്തിലെ കുട്ടികളുടെ രാഷ്ട്രീയബോധം എന്താണ്? അവരുടെ മാനസിക ആരോഗ്യത്തിൻ്റെ അവസ്ഥ എന്താണ്? ഒരു സാമൂഹ്യജീവി എന്ന നിലയിൽ അവർ എവിടെയാണ് നിൽക്കുന്നത്?
വാഹനത്തിൻ്റെ രൂപം അനധികൃതമായി മാറ്റിയതിനും നികുതി അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനുമാണ് വ്ലോഗർമാർക്കെതിരെ നടപടിയുണ്ടായത്. തികച്ചും സ്വാഭാവികമായ ഒരു കാര്യമാണത്. അതിനെതിരെ ഭീഷണി മുഴക്കുന്നതും കണ്ണുനീർ പൊഴിക്കുന്നതും എത്രമാത്രം അപക്വമാണ് എന്ന് ചിന്തിച്ചു നോക്കുക.
യുറ്റൂബര്‍ മാര്‍ എന്താ രാജാക്കന്മാരാണോ? അവര്‍ക്ക് നമ്മുടെ രാജ്യത്തെ നിയമം ബാധകമല്ലേ ? അവര്‍ക്ക് എന്ത് തോന്നിവാസവും കാണിക്കാനുള്ള അധികാരവും അവകാശവും ലൈസന്‍സും ആരാണ് നൽകിയത്?
രാജ്യത്തെ എല്ലാ മനുഷ്യർക്കും നിയമങ്ങൾ ബാധകമാണ്. എത്ര വലിയ സ്ഥാനത്ത് ഇരിക്കുന്ന ആളായാലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടും. അങ്ങനെയിരിക്കെ വ്ലോഗർമാർക്ക് എന്ത് പ്രിവിലേജാണുള്ളത്?
കുറേ ഫോളോവേഴ്സ് ഉണ്ട് എന്നത് നിയമം ലംഘിക്കാനുള്ള ലൈസൻസാണെന്ന് ധരിച്ചുവെച്ചിരിക്കുന്ന വ്ലോഗർമാരും അവരുടെ ആരാധകരും ശരിക്കും സമാന്തര ലോകത്തിലാണ് ജീവിക്കുന്നത്. ആ ലോകത്തിൻ്റെ മാനസികനില ആശങ്കപ്പെടുത്തുന്നതാണ്.
”വണ്ടികൊടുത്തില്ലെങ്കിൽ ഞാൻ കെട്ടിത്തൂങ്ങിച്ചാവും” എന്ന് വിലപിക്കുന്ന ഒരു പയ്യൻ്റെ വിഡിയോ കണ്ടിരുന്നു. അവന് 15 വയസ്സ് പോലും പ്രായമുണ്ടാവില്ല. വളരെ ഗൗരവത്തോടെയാണ് അവൻ അത് പറയുന്നതും. അതുപോലുള്ള കുട്ടികളുടെ മെൻ്റൽ ഹെൽത്ത് പരിശോധിക്കപ്പെടേണ്ടതാണ്. ആവശ്യമാണെങ്കിൽ ചികിത്സിക്കേണ്ടതാണ്.
കേരളം കത്തിക്കും എന്നാണ് ചിലരുടെ ഭീഷണി. ആ വാചകം എത്രമാത്രം സെന്‍സിറ്റീവാണെന്ന് എന്തുകൊണ്ടാണ് ഇവർക്ക് മനസ്സിലാകാത്തത്?
ആംബുലൻസ് മോഡിഫൈ ചെയ്യുന്നതിനെ ബുൾ ജെറ്റിനോട് താരതമ്യം ചെയ്യുകയാണ് ചിലർ. നാളെ തങ്ങൾക്ക് സ്വന്തമായി നോട്ടുകൾ അടിച്ചിറക്കണമെന്നും ഇവർ പറഞ്ഞെന്നിരിക്കും! അത്രമാത്രം വികലമാണ് അവരുടെ സാമൂഹിക ബോധം.
പറയാനുള്ളത് ഇത്രയേ ഉള്ളൂ. നമ്മുടെ കുട്ടികളെ ശ്രദ്ധിക്കുക. ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് അറിവുണ്ടാവണം. അവരിൽ നിലപാടുകളും ജനാധിപത്യബോധവും വളർത്താൻ ശ്രമിക്കണം. അവർ മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ സഹായിക്കണം. സ്നേഹം കൊണ്ട് അവരെ മാറ്റിയെടുക്കണം.
കുരുന്നുകൾ മനുഷ്യരായി വളരേണ്ടത്. അവർ റോബോട്ടുകളെപ്പോലെ പ്രതികരിക്കാതിരിക്കട്ടെ…!
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

