ദില്ലി: രാജ്യത്തുടനീളമുള്ള എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് വെള്ളിയാഴ്ച ഡാറ്റാ കണക്റ്റിവിറ്റിയില്‍ തടസ്സം നേരിട്ടതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നെറ്റ് വർക്ക് പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
എന്നാൽ സേവനങ്ങള്‍ ഇപ്പോള്‍ സാധാരണ നിലയിലായെന്നും ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനം നല്‍കുന്നതിനായി കമ്പനി പ്രവര്‍ത്തിക്കുന്നതായും- അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എയര്‍ടെല്ലിന്റെ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും മൊബൈല്‍ ഡാറ്റാ സേവനങ്ങളും തകരാറിലായതായി നൂറുകണക്കിന് ഉപയോക്താക്കളാണ് സോഷ്യല്‍ മീഡിയ വഴി പരാതിപ്പെട്ടത്. രാജ്യത്ത് എയര്‍ടെലിന്റെ മൊബൈല്‍ ഇന്റര്‍നെറ്റിനെയും , ബ്രോഡ്ബാന്‍ഡ്, വൈഫൈ സേവനങ്ങളിലും തടസം നേരിട്ടതായി ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
‘ഞങ്ങളുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഒരു ചെറിയ തടസ്സമുണ്ടായി, നിങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത അനുഭവം നല്‍കുന്നതിനായി ഞങ്ങൾ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ എല്ലാം സാധാരണ നിലയിലായിരിക്കുന്നു,’- എയര്‍ടെല്‍ ട്വിറ്ററില്‍ കുറച്ചു.
അതേസമയം ദില്ലി, മുംബൈ, നോയിഡ തുടങ്ങിയ പ്രദേശങ്ങളില്‍ അടക്കം മൊബൈല്‍ നെറ്റ് വർക്ക് പോലും പ്രവര്‍ത്തനരഹിതമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ 11:30 മുതലാണ് പ്രശ്‌നങ്ങള്‍ കണ്ട് തുടങ്ങിയത്. തടസ്സം അനുഭവപ്പെടുന്നതിനുള്ള കാരണം എന്താണ് എന്ന് ഇപ്പോഴും അറിവായിട്ടില്ല. തടസ്സത്തിന്റെ കാരണം പരിശോധിച്ച് വരുകയാണെന്ന് എയര്‍ടെല്‍ അറിയിച്ചു.

