കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. നാളെ രാവിലെ ഒമ്പതരയ്ക്ക് കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകാനാണ് ജലീലിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റുമായി ഇടപാടുകള്‍ നടത്തിയ സംഭവത്തിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.ടി. ജലീലിനെ ഇഡി ചോദ്യം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുമതി ഇല്ലാതെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും റംസാന്‍ കിറ്റും ഖുറാനും കൈപ്പറ്റി വിതരണം ചെയ്തത് ഗുരുതര പ്രോട്ടോകോള്‍ ലംഘനമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു.
യുഎഇയില്‍നിന്നു നയതന്ത്ര ബാഗേജുകകളിൽ എത്തിയ റംസാന്‍ കിറ്റും ഖുറാനും സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിലെ വാഹനത്തില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയിരുന്നു. ഇവ മതഗ്രന്ഥങ്ങളാണെന്നായിരുന്നു ജലീലിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെ മന്ത്രി പല തവണ വിളിക്കുകയും ചെയ്തിരുന്നു. ഈ പാക്കറ്റുകള്‍ അടക്കം കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര ചാനല്‍ വഴി പാക്കേജുകള്‍ വന്നിട്ടില്ലെന്നാണ് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗം എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ് എന്നിവരെ അറിയിച്ചത്. ഖുറാന്റെ മറവില്‍ എത്തിയ 250 പാക്കറ്റുകളില്‍ 20 കിലോ സ്വര്‍ണം ഉണ്ടായിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജലീലിനെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

