Sunday, May 19, 2024
spot_img

ലിംഗസമത്വ യൂണിഫോമിന്റെ കാര്യത്തിൽ സർക്കാരിന് നിർബന്ധബുദ്ധിയില്ല; ഇനി മുതൽ ഹൈസ്‌കൂളിൽ ഹെഡ്മാസ്റ്ററില്ല, സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി മൂന്ന് മുതൽ ഏഴുവരെ കോഴിക്കോട് നടക്കുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലിംഗസമത്വ യൂണിഫോമിന്റെ കാര്യത്തിൽ സർക്കാരിന് നിർബന്ധബുദ്ധിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലവിൽ നടപ്പാക്കിയ സ്‌കൂളിലൊന്നിലും പരാതി ഇതുവരെയും ലഭിച്ചിട്ടില്ല. യൂണിഫോമിന്റെ കാര്യത്തിൽ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രത്യേകതരം യൂണിഫോം കോഡ് അടിച്ചേല്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററിനെ ഇനി മുതൽ വൈസ് പ്രിൻസിപ്പൽ എന്ന് അറിയപ്പെടും. സകൂളിൽ കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് പൂർണമായും വിലക്കിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യം മുൻനിർത്തിയാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. അമിത ഫോൺ ഉപയോഗം കുട്ടികളിൽ പെരുമാറ്റ വൈകല്യമുണ്ടാക്കുമെന്ന് അദ്ദേഹം ചോണ്ടികാട്ടുകയും ചെയ്തു.

സംസ്ഥാനത്ത് പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് അഞ്ചിന് തുടങ്ങി പത്തിന് വൈകിട്ട് പൂർത്തീകരിക്കും. 15 മുതൽ 17വരെ രണ്ടാംഘട്ട അലോട്ട്മെന്റ് നടക്കും. അവസാന അലോട്ട്മെന്റ് ആഗസ്റ്റ് 22ന് നടക്കും. ആഗസ്റ്റ് 24ന് പ്രവേശനം പൂർത്തീകരിക്കും. ഈ മാസം 25ന് ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അദ്ധ്യാപക സംഘടനകളുമായി നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്.

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി മൂന്ന് മുതൽ ഏഴുവരെ കോഴിക്കോട് നടക്കും. സംസ്ഥാന കായിക മേള തിരുവനന്തപുരത്തും ശാസ്ത്ര മേള എറണാകുളത്തും നടക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ഒന്നാംഘട്ടം ഈ വർഷം പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles