Thursday, October 22, 2026

അടയാളങ്ങളില്ലാതെ അവർ മടങ്ങി ! വയനാട് ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങൾ സംസ്കരിച്ചു

വയനാടിനെ തകർത്തെറിഞ്ഞ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ച തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളിൽ എട്ട് മൃതദേഹങ്ങൾ സംസ്കരിച്ചു. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങൾ ആദ്യം സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് ഈ ഭൂമി. മേപ്പാടിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന കമ്യൂണിറ്റി ഹാളുകളിൽ നിന്നും പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചത്. സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷം എട്ട് പേർക്കും ആദരവോടെ അന്ത്യാഞ്ജലിയേകി.
ഭാവിയിൽ ആരെങ്കിലും അത് ഞങ്ങളുടെ പ്രിയപ്പെട്ടയാളാണെന്ന് തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ കൃത്യമായ നമ്പറുകൾ രേഖപ്പെടുത്തിയാണ് ഓരോ മൃതദേഹവും സംസ്കരിച്ചത്. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഡിഎന്‍എ സാംപിള്‍,പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും ശേഖരിച്ചു.

ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജിബിൻ വട്ടക്കളത്തിൽ, മേപ്പാടി മാരിയമ്മൻ കോവിൽ കർമി കുട്ടൻ, മേപ്പാടി ജുമാമസ്ജിദ് ഖതീബ് മുസ്തഫൽ ഫൈസി തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. മന്ത്രിമാരായ കെ.രാജൻ, എ.കെ.ശശീന്ദ്രൻ, എം.ബി.രാജേഷ്, ഒ.ആർ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, സ്പെഷൽ ഓഫിസർ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ, സബ് കലക്ടർ മിസാൽ സാഗർ ഭരത്, മതനേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.ക്യാമ്പുകളിൽ കഴിയുന്നവരും രാത്രി വൈകി നടന്ന സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു

Related Articles

Latest Articles