ദില്ലി: കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി വിതരണം ചെയ്യാനെത്തിച്ച പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്.
വെല്ലൂരില്‍ അടക്കം തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും 18ാം തീയതിയാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഡിഎംകെയുടെ വെല്ലൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ കതിര്‍ ആനന്ദിന്‍റെ ഓഫീസില്‍ നിന്നും കണക്കില്‍ പെടാത്ത തുക കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് പരാതി ഉയര്‍ന്നിരുന്നു. ആദായ നികുതി വകുപ്പിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ച കതിര്‍ ആനന്ദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഇവിടുത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

