Thursday, November 26, 2026

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം; സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും വഖഫ് ബോര്‍ഡിനും മുസ്ലീം വ്യക്തി നിയമ ബോര്‍ഡിനും നോട്ടീസയച്ചു

ന്യൂഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും വഖഫ് ബോര്‍ഡിനും മുസ്ലീം വ്യക്തി നിയമ ബോര്‍ഡിനും നോട്ടീസയച്ചു. ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ശബരിമല വിധി നിലനില്‍ക്കുന്നതു കൊണ്ടാണ് ഈ ഹര്‍ജി പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് ബോബ്‌ഡെ അറിയിച്ചു. ആരാധനാലയങ്ങൾക്കെതിരെ ഭരണഘടനയുടെ പതിനാലാമത് അനുച്ഛേദം ഉപയോഗിക്കാൻ കഴിയുമോ എന്നും കോടതി ആരാഞ്ഞു.

പൂണെ സ്വദേശികളായ ദമ്പതിമാരാണ് ഹര്‍ജി നല്‍കിയത്. പൂണെയിലെ മുഹമ്മദീയ ജുമാ മസ്ജിദില്‍ പ്രവേശനം നിഷേധിക്കുപ്പെട്ടുവെന്ന് കാട്ടിയാണ് ഹര്‍ജി. സുന്നി പള്ളികളിൽ പ്രാര്‍ഥനകള്‍ക്കായി സ്ത്രീകളെ ഒരിക്കലും പ്രവേശിപ്പിക്കാറില്ലെന്നും ഇത് വേര്‍തിരിവാണെന്നും ഹര്‍ജിയില്‍ പറയുന്നു.

സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. സ്ത്രീകൾ പള്ളികളിൽ പ്രവേശിച്ച് ആരാധന നടത്തരുതെന്ന് പ്രവാചകൻ മുഹമ്മദ് നബിയോ വിശുദ്ധ ഖുറാനോ ഒരിടത്തും പറയുന്നില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles