Saturday, May 18, 2024
spot_img

തെരഞ്ഞെടുപ്പ് ഫലം ഞെട്ടിച്ചു: സങ്കടമുണ്ടെന്ന് എനിക്കറിയാം, എങ്കിലും നമ്മൾ തിരിച്ചു വരണം; കോണ്‍ഗ്രസ് നേരിടുന്നത് കടുത്ത പരീക്ഷണമെന്ന് സോണിയാഗാന്ധി

ദില്ലി: പഞ്ചാബ് ഉൾപ്പടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി. പാര്‍ട്ടിയില്‍ ഐക്യം പരമപ്രധാനമാണെന്നും, അതിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും സോണിയ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടി യോഗത്തിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്‌തത്‌.

കോണ്‍ഗ്രസിന് മുന്നില്‍ ഇതുവരെയും നേരിട്ടില്ലാത്ത തരത്തില്‍ വന്‍ വെല്ലുവിളിയാണുള്ളത്. മുന്നിലുള്ള വഴികള്‍ പലതും കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതാണ്. പാര്‍ട്ടിയില്‍ ഐക്യം പരമപ്രധാനമാണ്. അതിന് ആവശ്യമായതെല്ലാം ചെയുമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം കടുത്ത പരീക്ഷണത്തിലാണെന്നും സോണിയ പറഞ്ഞു.

ജനാധിപത്യത്തിനും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി കോൺഗ്രസ്‌ തിരിച്ചു വരുമെന്നും സോണിയ ഗാന്ധി പ്രത്യാശ പ്രകടിപ്പിച്ചു. നിങ്ങൾക്ക് സങ്കടമുണ്ടെന്ന് എനിക്കറിയാമെന്നും എങ്കിലും നമ്മൾ തിരിച്ചു വന്നേ മതിയാകൂ എന്നും അണികളോട് സോണിയ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ സംബന്ധിച്ചു. ലോക്‌സഭയിലെയും രാജ്യസഭയിലെയും കോണ്‍ഗ്രസ് കക്ഷി നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും കോണ്‍ഗ്രസ് എംപിമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles

Latest Articles