Sunday, May 19, 2024
spot_img

ഇലക്ടറൽ ബോണ്ട്: ഏറ്റവും കൂടുതൽ ലഭിച്ചത് ബിജെപിക്ക് 5,270 കോടി രൂപ;കോൺഗ്രസിന് 964 കോടി

ദില്ലി : ഇലക്ടറൽ ബോണ്ട് വഴി രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനയിൽ ആകെ ലഭിച്ചതിൽ 57 ശതമാനവും നേടിയത് ബിജെപിയെന്ന് റിപ്പോർട്ട് . 10 ശതമാനം മാത്രമാണ് മുഖ്യ എതിരാളികളായ കോൺഗ്രസിന് ലഭിച്ചത്. 2018 മുതൽ 2022 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കമ്പനികൾക്ക് പരിധിയില്ലാതെ രാഷ്ട്രീയ പാർട്ടികൾക്ക് പണം സംഭാവന ചെയ്യാനുള്ള സംവിധാനമാണ് ഇലക്ടറൽ ബോണ്ട്.

ഇലക്ടറൽ ബോണ്ട് സംവിധാനത്തിലൂടെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ആകെ ലഭിച്ചത് 9,208 കോടി രൂപയാണ്. ഇതിൽ 57 ശതമാനം വരുന്ന 5,270 കോടി ലഭിച്ചത് ബിജെപിക്കാണ്. 964 കോടി രൂപയാണ് കോൺഗ്രസിന് ലഭിച്ചത്. മൂന്നാമതുള്ള തൃണമൂൽ കോൺഗ്രസിന് എട്ടുശതമാനം വരുന്ന 767 കോടി രൂപ ലഭിച്ചു.

ബിജെപി 2022 മാർച്ചുവരെയുള്ള സാമ്പത്തിക വർഷം 1,033 കോടി, 2021ൽ 22.38 കോടി, 2020ൽ 2,555 കോടി, 2019ൽ 1450 കോടി എന്നിങ്ങനെയാണ് നേടിയത്. 2022 സാമ്പത്തിക വർഷം 253 കോടി രൂപയാണ് കോൺഗ്രസ് നേടിയത്. 2021ൽ പത്ത് കോടി, 2020 ൽ 317 കോടി, 2019ൽ 383 കോടി എന്നിങ്ങനെയാണ് നേടിയത്. തൃണമൂൽ കോൺഗ്രസിന് 2022 മാർച്ച് വരെയുള്ള സാമ്പത്തിക വർഷം 528 കോടി, 2021ൽ 42 കോടി, 2020ൽ 100 കോടി, 2019ൽ 97 കോടി എന്നിങ്ങനെയാണ് ലഭിച്ചത്.

2018 മാർച്ച് മുതലാണ് ഇലക്ടറൽ ബോണ്ട് സംവിധാനം ലഭ്യമായി തുടങ്ങിയത് . 1000, 10000, ഒരു ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നിങ്ങനെയുള്ള ഇലക്ടറൽ ബോണ്ടുകളാണു ലഭ്യമായിട്ടുള്ളത്. ബോണ്ടുകൾ വാങ്ങിയതു വ്യക്തികളേക്കാൾ കോർപറേറ്റ് കമ്പനികളാണ്.

Related Articles

Latest Articles