Thursday, December 25, 2025

കോടതി വിധി മറികടക്കുകയായിരുന്നില്ല, ഭരണഘടന തിരുത്തിയെഴുതാനും എന്നും രാജ്യത്ത് കുടുംബാധിപത്യം ഉറപ്പുവരുത്തുകയുമായിരുന്നു അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിനു പിന്നിലെ ലക്ഷ്യങ്ങൾ

സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യത്തിന്റെ ഇരുണ്ട നാളുകളായിരുന്നു 1975 ജൂൺ 25 മുതൽ 1977 മാർച്ച് 23 വരെ നീണ്ടുനിന്ന അടിയന്തിരാവസ്ഥ. ഇന്ദിരാഗാന്ധിയുടെ തെരെഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജ്ജിയിൽ ഹർജിക്കാരന് അനുകൂലമായ വിധി അലഹാബാദ് ഹൈക്കോടതി പറഞ്ഞതോടെ എം പി സ്ഥാനം നഷ്ടപെട്ട പ്രധാനമന്ത്രി ഇന്ദിര അധികാരത്തിൽ തുടരാൻ തെരെഞ്ഞെടുത്ത കുറുക്കുവഴിയായിരുന്നു അടിയന്തിരാവസ്ഥ പ്രഖ്യാപനമെന്നാണ് പൊതുവെ ഈ കറുത്ത ദിനങ്ങളെ ഇന്ത്യൻ രാഷ്ട്രീയം അടയാളപ്പെടുത്തിയിട്ടുള്ളത്. പക്ഷെ അതിനും അപ്പുറത്തേക്ക് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ കിരീടവും ചെങ്കോലും എന്നും നെഹ്‌റു കുടുംബത്തിൽ ഉറപ്പിക്കാനായുള്ള ഉപായമായും അടിയന്തിരാവസ്ഥ വിലയിരുത്തപ്പെടുന്നു. കാരണം രാജ്യം അടിയന്തിരാവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് കുപ്രസിദ്ധമായ 42ാം ഭരണഘടനാ ഭേദഗതിയുണ്ടാകുന്നത്. ഭരണഘടനാ നിർമ്മാണ സഭയിലെ മാസങ്ങൾ നീണ്ട ചർച്ചക്കൊടുവിൽ അംഗീകരിക്കപ്പെട്ട ഇന്ത്യൻ ഭരണഘടനയെ ഒരു ബഹുമാനവുമില്ലാതെ അടിമുടി മാറ്റിയെഴുതിയ ഭേദഗതിയായിരുന്നു 42ാം ഭരണഘടനാ ഭേദഗതി. ഇന്ത്യൻ ജനാധിപത്യത്തെ അടിച്ചൊതുക്കി അധികാരം എന്നും കൈപ്പിടിയിലൊതുക്കാൻ ഇന്ദിരയുടെ കോൺഗ്രസ് പാർട്ടി കൊണ്ടുവന്ന ഭേദഗതി. ഭരണഘടനയുടെ ആമുഖവും ഭേദഗതി ചട്ടങ്ങളും പോലും മാറ്റിയെഴുതി. സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും അധികാരങ്ങൾ പരിമിതപ്പെടുത്തി. പാർലമെന്റിൽ മൃഗീയ ഭൂരിപക്ഷം അന്നുണ്ടായിരുന്ന കോൺഗ്രസിന് ഇന്ത്യയെ അടക്കിഭരിക്കാൻ കഴിയും വിധം രാജ്യത്തിന്റെ ഭരണഘടനയെ അവർ മാറ്റി.

പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾക്ക് ജുഡീഷ്യൽ റിവ്യൂ ഇല്ലാതാക്കി. പ്രധാനമന്ത്രിക്ക് കൂടുതൽ അധികാരം. സംസ്ഥാനങ്ങളുടെ നിരവധി അധികാരങ്ങൾ കേന്ദ്രസർക്കാരിലേക്ക് മാറ്റി. സ്വതന്ത്ര പരമാധികാര രാജ്യം എന്ന ആമുഖത്തിൽ മതേതരത്വം സോഷ്യലിസം എന്നീ പദങ്ങൾ കൂട്ടിച്ചേർത്തു. ചുരുക്കിപ്പറഞ്ഞാൽ ഭരണഘടനാ ശിൽപ്പികളെ അപമാനിച്ചുകൊണ്ട് ഏകാധിപത്യ ഭരണത്തിലേക്ക് ഈ രാജ്യത്തെ നയിക്കുന്ന രീതിയിൽ ഒരു മിനി ഭരണഘടന തന്നെ കോൺഗ്രസ് എഴുതിയുണ്ടാക്കി. തെരഞ്ഞെടുപ്പുകൾ പോലും നീട്ടിവെക്കാനും. ബ്രിട്ടീഷുകാരോട് പട പൊരുതി നേടിയ പൗരാവകാശങ്ങൾ വെട്ടിക്കുറക്കാനുമുള്ള ഹീനമായ ശ്രമം നടന്നു. പക്ഷെ രാജ്യം ഈ ഏകാധിപത്യ പ്രവണതകളെ ശക്തിയുക്തം ചെറുത്തു. അധികാരത്തിലെത്തിയാൽ ഭരണഘടനയെ 42ാം ഭേദഗതിക്ക് മുൻപുള്ള അവസ്ഥയിലേക്കെത്തിക്കുമെന്ന് അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരെഞ്ഞെടുപ്പിൽ ജനതാ പാർട്ടി വാഗ്ദാനം ചെയ്തു. ഇന്ദിര തോറ്റു ജനതാപാർട്ടി അധികാരത്തിലെത്തി. തുടർന്ന് 43, 44 ഭേദഗതികളിലൂടെ ഭരണഘടനയെ വീണ്ടെടുക്കാൻ ജനതാപാർട്ടിക്ക് സാധിച്ചുവെങ്കിലും പൂർണ്ണമായും 1976 നു മുമ്പത്തെ നിലയിലേക്ക് ഭരണഘടനയെ എത്തിക്കാൻ അവർക്കും സാധിച്ചില്ല

Related Articles

Latest Articles