Friday, January 9, 2026

സർക്കാർ ധനസഹായം നൽകിയ തുക അക്കൗണ്ടിലെത്തിയപ്പോൾ വയനാട് ദുരിതബാധിതരിൽ നിന്ന് വായ്പ്പ അടവ് പിടിച്ചു; കൽപ്പറ്റ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം തുടരുന്നു; മൂന്നുപേർക്ക് തുക തിരികെ നൽകി

വയനാട്: ഉരുൾപൊട്ടൽ ദുരിത ബാധിതരിൽ നിന്ന് വായ്പ്പ തുക തിരിച്ചുപിടിച്ച കൽപ്പറ്റ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം തുടരുന്നു. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, ഡി വൈ എഫ് ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ബാങ്കിലേക്ക് യുവജനസംഘടനാ പ്രവർത്തകർ ഇരച്ചുകയറിയത് കാരണം കൽപ്പറ്റയിൽ സംഘർഷാവസ്ഥയുമുണ്ടായി. അതേസമയം ചർച്ചയെ തുടർന്ന് മൂന്നുപേരുടെ ഇ എം ഐ തുക ബാങ്ക് തിരിച്ചുനൽകി. എങ്കിലും പ്രതിഷേധം തുടരുകയാണ്. ദുരിത ബാധിതർക്ക് പ്രാഥമിക ധനസഹായമായി സർക്കാർ പതിനായിരം രൂപ നൽകിയിരുന്നു. ഈ തുക അക്കൗണ്ടിലെത്തിയപ്പോഴാണ് മുടങ്ങിയിരുന്ന വായ്‌പാ തിരിച്ചടവ് തുക ബാങ്ക് പിടിച്ചത്.

എന്നാൽ ഇ എം ഐ തുക ഈടാക്കുന്നത് തീർത്തും ഓട്ടോമാറ്റിക് സംവിധാനങ്ങളിൽ കൂടെയാണെന്നും ദുരിതബാധിതരെ ഇതിൽ നിന്നും ഒഴിവാക്കാൻ സർക്കാർ എടുക്കേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും ബാങ്കുകളുമായി ഇക്കാര്യം കൂടിയാലോചിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും പരാതി ഉയരുന്നുണ്ട്. ബാങ്കുകൾ ഇ എം ഐ പിടിക്കുന്നത് ഒഴിവാക്കണം എന്നത് മാത്രമല്ല വായ്പ്പ തന്നെഎഴുതിത്തള്ളണം എന്ന് മുഖ്യമന്ത്രി ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞു. പക്ഷെ ഇതിന്റെ ബാധ്യത ഏറ്റെടുക്കാനാവില്ല എന്നാണ് സർക്കാർ നിലപാട്.

Related Articles

Latest Articles