Saturday, May 18, 2024
spot_img

51 ദിവസത്തെ ശാന്തതയ്ക്ക് വിരാമം ; കീവിൽ വീണ്ടും മിസൈൽ വർഷവുമായി റഷ്യ

കീവ് : തലസ്ഥാനമായ കീവ് ഉൾപ്പെടെ വിവിധ യുക്രെയ്ൻ നഗരങ്ങളിലേക്ക് മിസൈൽ വർഷവുമായി റഷ്യ. ഡിനിപ്രോ, ഉമാൻ എന്നീ നഗരങ്ങളിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മാത്രം12 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വിവരം. കീവിനു 215 കിലോമീറ്റർ തെക്കു മാറിയുള്ള ഉമാനിൽ പത്തുപേരും ഡിനിപ്രോ നഗരത്തിൽ 2 പേരുമാണ് കൊല്ലപ്പെട്ടത്. അൻപതു ദിവസത്തിലേറെ നീണ്ട ശാന്തതയ്ക്ക് ശേഷമാണ് തലസ്ഥാനമായ കീവ് വീണ്ടും റഷ്യൻ ആക്രമണത്തിന് സാക്ഷ്യം വഹിക്കുന്നത്.

ഉമാനിൽ ജനവാസമുള്ള 10 കെട്ടിടങ്ങളിലേക്കാണ് റഷ്യൻ മിസൈലുകൾ പതിച്ചതെന്നും റഷ്യയ്ക്കതിരെ രാജ്യാന്തര സമൂഹം കൂടുതൽ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. കിഴക്കൻ യുക്രെയ്നിലെ നിയന്ത്രണം കടുപ്പിക്കാൻ വ്യവസായ മേഖലയായ ഡോൺബാസിനെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി കീവിനു നേരെ റഷ്യ തിരിഞ്ഞിരിക്കുന്നത്.

അതെ സമയം കുതിച്ചെത്തിയ 23 മിസൈലുകളിൽ 21 എണ്ണവും രണ്ടു ഡ്രോണുകളും നിർവീര്യമാക്കിയതായി യുക്രെയ്ൻ പ്രതിരോധസേന അവകാശപ്പെട്ടു. ഇതിൽ കീവ് ലക്ഷ്യമാക്കി കുതിച്ചെത്തിയ 11 മിസൈലുകളും ഉൾപ്പെടുന്നു. ഏപ്രിലിൽ അമേരിക്കയിൽ നിന്ന് മിസൈൽ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് കീവിന് ലഭിച്ചിരുന്നു.

അതെ സമയം റഷ്യയെ പ്രതിരോധിക്കാൻ യുക്രെയ്നു കൊടുക്കാമെന്നേറ്റ സൈനിക സഹായത്തിൽ 98 ശതമാനവും വിതരണം ചെയ്തതായി നാറ്റോ തലവൻ ജെൻസ് സ്റ്റോളൻബർഗ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചിരുന്നു. 1,550 കവചിത വാഹനങ്ങളും 230 യുദ്ധടാങ്കുകളും അടങ്ങുന്ന വമ്പൻ സൈനിക സന്നാഹത്തോടൊപ്പം ഒൻപതിലധികം യുക്രെയ്ൻ സൈനിക ബ്രിഗേഡുകൾക്ക് ആധുനിക പരിശീലനവും നാറ്റോ നൽകിയതായി സ്റ്റോളൻബർഗ് വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles