Saturday, May 18, 2024
spot_img

ആക്കുളം കായൽ സംരക്ഷണ കൺവെൻഷൻ ഇന്നു വൈകിട്ട് നാലിന്

തിരുവനന്തപുരം: മണ്ണും ജലവും വായുവും സംരക്ഷിച്ചുള്ള വികസന നയങ്ങളും പൗരന്റെ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ പരിസ്ഥിതി പ്രവർത്തരുടേയും പ്രകൃതി സ്നേഹികളുടെയും ഒരു യോഗം ആക്കുളം ഇടിയടിക്കോട് ക്ഷേത്രത്തിന് സമീപമുള്ള ഹാളിൽ ഇന്നു വൈകിട്ട് നാലു മണിക്ക് നടക്കും

ആക്കുളം കായൽ സംരക്ഷണ കൺവെൻഷൻ എന്ന പേരിൽ നടത്തപ്പെടുന്ന ഈ ചർച്ചായോഗത്തിൽ കേരളത്തിലെ പ്രമുഖ പരിസ്ഥിതി സ്നേഹികളും പൊതു പ്രവത്തകരും പങ്കെടുക്കും. “വലിയ തോതിൽ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആക്കുളം കായലിന്റ സംരക്ഷണത്തിന് കക്ഷി രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ അനിവാര്യമാണെന്ന് ആ വിഷയത്തിൽ ഇടപെടുന്ന എല്ലാവർക്കും ബോധ്യമായിട്ടുണ്ട്. ഈ വിഷയത്തിൽ താൽപര്യമുള്ള മുഴുവൻ പരിസ്ഥിതി – പൊതു പ്രവർത്തകർ ഒരുമിച്ചിരിക്കാൻ തീരുമാനിച്ചിരിക്കുന്നു” യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഒരു പ്രവർത്തകൻ തത്വമയി ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ കുറെ വർഷങ്ങളായി കായൽ കയ്യേറ്റത്തിന്റെയും പരിസ്ഥതി നശീകരണത്തിന്റെയും ഫലമായി ആക്കുളം കായലും പരിസര പ്രദേശങ്ങളും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. റിയൽ എസ്റ്റേറ്റ് – റിസോർട്ട് മാഫിയ പിടിമുറുക്കിയിരിക്കുന്ന ഈ പ്രദേശം തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. നിയമങ്ങൾ കാറ്റിൽ പറത്തി നൂറുകണക്കിന് ഏക്കർ കായൽ ഇതിനോടകം നികത്തിക്കഴിഞ്ഞു. നിർമാണ പ്രവർത്തനങ്ങളും തകൃതിയായി നടക്കുന്നു. സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയമായ അവസ്ഥയിൽ പരിസ്ഥിതി പ്രവത്തകരുടെ ഇന്നത്തെ യോഗത്തെ പൊതു സമൂഹം ഏറെ പ്രതീക്ഷയോടെ നോക്കുന്നു.

പങ്കെടുക്കാൻ താല്പര്യമുള്ള സമാനചിന്താഗതിക്കാർ 2019 ജൂൺ 27 ന് വൈകിട്ട് നാലു മണിക്ക് തിരുവനന്തപുരം, ഉള്ളൂർ ആക്കുളം റോഡിൽ ഒന്നര കിലോമീറ്റർ കഴിഞ്ഞ് വലത് ഭാഗത്ത് ഇടിയടിക്കോട് ക്ഷേത്രത്തിന് സമീപമുള്ള ഹാളിൽ എത്തിച്ചേരണമെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുക്കുന്ന ഷീജ, നിപുൺ ചെറിയാൻ, സഞ്ജീവ് എന്നിവർ അറിയിച്ചു.

Related Articles

Latest Articles