Wednesday, May 22, 2024
spot_img

ആന്ധ്രയിൽ വീണ്ടും ഇതിഹാസ സഖ്യം ? ടിഡിപി എൻഡിഎ പാളയത്തിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ദില്ലി സന്ദർശിച്ച് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി

ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുമായുള്ള കൂടിക്കാഴ്‌ച ടിഡിപി – ബിജെപി സഖ്യം വീണ്ടും ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ നടത്തിയതിന് പിന്നാലെ വൈഎസ് ജഗൻ മോഹൻ റെഡ്ഡി തലസ്ഥാനമായ ദില്ലിയിലെത്തി. സന്ദർശനം ഔദ്യോഗികമായിരുന്നുവെന്ന് ആന്ധ്രാ മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) വൃത്തങ്ങൾ പറഞ്ഞു, ആന്ധ്രാപ്രദേശിന് പ്രത്യേക കാറ്റഗറി പദവിയും പോളവാരം പദ്ധതിക്കുള്ള ഫണ്ടും നൽകാൻ ജഗൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ധനമന്ത്രി നിർമല സീതാരാമനെയും അദ്ദേഹം കണ്ടു. വൈഎസ്ആർസിപി അദ്ധ്യക്ഷൻ അമിത് ഷായെയും കാണുമെന്നായിരുന്നു വർത്തകളെങ്കിലും ജഗൻ പിന്നീട് അമരാവതിയിലേക്ക് മടങ്ങി.

കഴിഞ്ഞ വർഷവും കഴിഞ്ഞ ജൂണിലും കേന്ദ്ര ആഭ്യന്തര മന്ത്രി ഷാ നായിഡുവിനെ കണ്ടിരുന്നു. രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്ത് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒരേസമയം വോട്ടെടുപ്പ് നടക്കും. വ്യാഴാഴ്ച പുറത്തുവിട്ട ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ, സംസ്ഥാനത്തെ ആകെയുള്ള 25 ലോക്‌സഭാ സീറ്റുകളിൽ ടിഡിപിക്ക് 17 സീറ്റുകളും ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്ക് എട്ട് സീറ്റുകളുമാണ് പ്രവചിക്കുന്നത്. 2014ൽ സംസ്ഥാനത്ത് ടിഡിപി-ബിജെപി സഖ്യം 17 സീറ്റുകൾ നേടിയപ്പോൾ വൈഎസ്ആർസിപിക്ക് എട്ട് സീറ്റുകളാണ് ലഭിച്ചത്.

ദില്ലിയിലെ അമിത് ഷായുടെ വസതിയില്‍ വച്ചായിരുന്നു ഇക്കഴിഞ്ഞ ബുധനാഴ്ച എന്‍ ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്‌ച നടത്തിയത്. അമിത് ഷായ്‌ക്ക് പുറമെ തെലുങ്കുദേശം പാര്‍ട്ടി എംപി ജയദേവ് ഗല്ലയുമായും ചന്ദ്രബാബു നായിഡു കൂടിക്കാഴ്‌ച നടത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച (ഫെബ്രുവരി 6) പാര്‍ലമെന്‍റില്‍ നടത്തിയ തന്‍റെ അവസാന പ്രസംഗത്തില്‍ താന്‍ രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് ജയദേവ് ഗല്ല പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗല്ല പ്രശംസിച്ചു.

കഴിഞ്ഞ 10 വര്‍ഷമായി തുടരുന്ന അദ്ദേഹത്തിന്‍റെ ഭരണത്തില്‍ ഭാരതം പുരോഗതി കൈവരിച്ചുവെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ചത്.

“ഭാരതത്തിന്റെ സാമ്പത്തിക പുരോഗതിക്കും ആഗോള നിലവാരം മെച്ചപ്പെടുത്തിയതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. ഞങ്ങള്‍ എന്‍ഡിഎയുടെ ഭാഗമല്ലെങ്കിലും കഴിഞ്ഞ 10 വര്‍ഷമായി ഭാരതം ഭരിക്കുന്ന മോദിജിയുടെ കീഴിലുള്ള സര്‍ക്കാരിനെ പുകഴ്‌ത്താതിരിക്കാന്‍ കഴിയില്ല. ഈ രാജ്യത്തെ ഉയരങ്ങളില്‍ എത്തിച്ചു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഭാരതമിപ്പോൾ ” – ജയദേവ്‌ ഗല്ല പറഞ്ഞു.

2019ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് ചന്ദ്രബാബു നായിഡുവും സഖ്യവും ബിജെപി ഉപേക്ഷിച്ചത്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാര്‍ട്ടി വിട്ടത്. എന്നാല്‍ ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വീണ്ടും ബിജെപിയിലെത്തുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. നടനും രാഷ്‌ട്രീയ നേതാവുമായ പവന്‍ കല്ല്യാണിന്‍റെ ജനസേന പാര്‍ട്ടിയുമായി ടിഡിപി നേരത്തെ സഖ്യം പ്രഖ്യാപിച്ചിരുന്നു. പവന്‍ കല്ല്യാണിലൂടെയാണ് വീണ്ടും എന്‍ഡിഎയിലേക്കുള്ള വഴി തുറന്നതെന്നാണ് വിവരം.

Related Articles

Latest Articles