Friday, May 3, 2024
spot_img

‘എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍….’; വിഷുവിനെ വരവേൽക്കാം… വിഷുക്കണിയും കൈനീട്ടവുമായി

”എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ… കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ… പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ”- അയ്യപ്പപ്പണിക്കര്‍

കേരളത്തിന്റെ സ്വന്തം കാര്‍ഷികോത്സവമാണ് വിഷു. പാടത്തും പറമ്പിലും വിളവെടുപ്പിന്റെ ആരവമുയരുന്ന ആശ്വാസനാളുകള്‍. എങ്ങും പൂത്തുലഞ്ഞ കണിക്കൊന്നയുടെ സ്വര്‍ണവര്‍ണക്കാഴ്ച. വിഷുക്കണിയും കൈനീട്ടവും പടക്കവും കമ്പിത്തിരിയും മത്താപ്പുമൊക്കെ ആഘോഷത്തിന് ആഹ്ലാദപ്പൊലിമയേകും.കൂടാതെ വര്‍ഷാരംഭമായും വസന്തവിഷുവിനെ പരിഗണിക്കുന്നു. വിഷുമുതല്‍ മേടം പത്തുവരെ ക്ഷേത്രങ്ങളിലും ആഘോഷം പതിവുണ്ട്. തിരുവല്ല ശ്രീവല്ലഭക്ഷേത്രം, ആറന്മുളക്ഷേത്രം, പാര്‍ത്ഥസാരഥിക്ഷേത്രം എന്നിവിടങ്ങളില്‍ വിഷു പ്രത്യേക ചടങ്ങുകളോടെ ആഘോഷിക്കാറുണ്ട്.

അതേസമയം നല്ല കാഴ്ചകണ്ട് തുടങ്ങുക എന്നതാണ് വിഷുക്കണിയുടെ സന്ദേശം. പുതുതായി വിളവെടുത്ത ചക്ക, മാങ്ങ, കണിവെള്ളരി, തേങ്ങ, ധാന്യങ്ങളായ വന്‍പയര്‍, കടല, ഉഴുന്ന്, ചെറുപയര്‍, തുവര, ഗോതമ്പ്, എള്ള്, മുതിര, മുത്താറി, നെല്ല്, അരി എന്നിവ ചെറുകിണ്ണങ്ങളിലും നാണയം, കോടിവസ്ത്രം, കണിക്കൊന്ന, കൃഷ്ണരൂപം, അഷ്ടമംഗല്യങ്ങളായ വാല്‍ക്കണ്ണാടി, ചെപ്പ്, കണ്‍മഷി, ചാന്ത്, പുഷ്പം, അക്ഷതം, അലക്കിയ വസ്ത്രം, സ്വര്‍ണം എന്നിവ താലത്തിലും ഒരുക്കി വലിയ ഉരുളിയില്‍ വെക്കും. ഇതിന് വശങ്ങളിലായി രണ്ട് നിലവിളക്കുകള്‍ തെളിയിക്കും. മേടപ്പുലരിയില്‍ ബ്രാഹ്‌മമുഹൂര്‍ത്തത്തിലാണ് കണികാണല്‍. കിഴക്ക് ദര്‍ശനമായാണ് കണികാണേണ്ടത്.

അതുപോലെ കുടുംബത്തിലെ മുതിര്‍ന്ന അംഗം മറ്റുള്ളവരെ വിളിച്ചുണര്‍ത്തി കണ്ണുപൊത്തി കണിയുടെ മുമ്പില്‍ പലകമേല്‍ ഇരുത്തുന്നു. കണ്ണുകള്‍ നനച്ച് ആദ്യം ദീപം, പിന്നെ അഷ്ടമംഗല്യം കൃഷ്ണരൂപം, ധാന്യം എന്നിങ്ങനെയാണ് കണികാണേണ്ടത്. കുടുംബാംഗങ്ങളെല്ലാം കണി കണ്ടതിനുശേഷം കണിവസ്തുക്കള്‍ എടുത്തുകൊണ്ടുപോയി നാല്‍ക്കാലികളെയും വീടിന്റെ കിഴക്ക്, പടിഞ്ഞാറ്് ദിക്കുകളെയും കാണിക്കുന്നു. വിഷുക്കണിപോലെത്തന്നെ പ്രധാനമാണ് കൈനീട്ടവും. മുതിര്‍ന്നവര്‍ ഇളയവര്‍ക്ക് കൈനീട്ടം നല്‍കി ആശീര്‍വദിക്കുന്നു.

(കടപ്പാട് )

Related Articles

Latest Articles