Saturday, January 10, 2026

എരഞ്ഞോളി സ്ഫോടനം !പ്രദേശത്ത് പതിവായി ബോംബ് നിർമ്മാണം നടക്കുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി ! പേടിച്ചിട്ടാണ് ആരും പ്രതികരിക്കാത്തതെന്നും യുവതി

കണ്ണൂര്‍ : എരഞ്ഞോളി ബോംബ് സ്‌ഫോടനത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി സമീപവാസിയായ യുവതി. പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഭയം കൊണ്ടാണ് ആരും പ്രതികരിക്കാത്തതെന്നും സമീപവാസിയായ സീന മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. സഹികെട്ടാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. സ്‌ഫോടനത്തിൽ മരിച്ച വേലായുധന്റെ അയൽവാസിയാണ് സീന.

‘പാര്‍ട്ടിക്കാര്‍ ഇതിനുമുന്‍പും പലതവണ ബോംബ് എടുത്തുകൊണ്ടുപോയിട്ടുണ്ട്. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ താവളമാണ്. പലരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടിയാല്‍ അവരുടെ വീടുകളില്‍ ബോംബ് എറിയും. പിന്നെ ജീവിക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ സാധാരണക്കാരാണ.് ഞങ്ങള്‍ക്ക് ജീവിക്കണം. ഇന്നലെ മരിച്ചത് ഒരു സാധരണക്കാരനാണ്. ഭയമില്ലാതെ ജീവിക്കണം. ഞങ്ങളുടെ കുട്ടികള്‍ക്ക് പറമ്പിലൂടെ കളിച്ച് നടക്കാന്‍ കഴിയണം’- സീന മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് ഓഫിസിനും എരഞ്ഞോളി സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും വിളിപ്പാടകലെയുള്ള വീട്ടിലാണ് ഇന്നലെ ഉച്ചയോടെ സ്‌ഫോടനം നടന്നത്. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങപെറുക്കാൻ എത്തിയപ്പോഴാണ് പറമ്പിൽ നിന്ന് വേലായുധന് സ്റ്റീൽ കണ്ടെയ്നർ പോലൊരു വസ്തു ലഭിച്ചത്. തുടർന്ന് പറമ്പിലെ വീടിന്റെ വരാന്തയിലിരുന്ന് ഇയാൾ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മുഖത്തിനും കൈകൾക്കും പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അറിവോടെയാണെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്.

Related Articles

Latest Articles