തൃശൂര്‍:ഇത്തവണ പൂരപ്രേമികളെ പങ്കെടുപ്പിച്ച് കൊണ്ട് തൃശൂര്‍ പൂരം ആഘോഷമാക്കാനിരിക്കെ പൂരവിളംബരത്തിന് കൊമ്പന്‍ എറണാകുളം ശിവകുമാര്‍ എത്തും. ദേവസ്വം ബോര്‍ഡിന്റെ സ്വന്തം ആനയായ എറണാകുളം ശിവകുമാറിനെ തെക്കേ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങില്‍ എഴുന്നള്ളിക്കാനാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. എന്നാൽ ഈ ചടങ്ങോടെയാണ് തൃശൂര്‍ പൂര ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് പൂര വിളംബരത്തിന് ശിവകുമാര്‍ തെക്കേഗോപുരവാതില്‍ തുറക്കുക.
അതേസമയം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും തലയെടുപ്പുള്ള ആനയാണ് എറണാകുളം ശിവകുമാര്‍. പൂരത്തിന്റെ തലേന്ന് നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര വാതില്‍ തുറന്നിടുന്നതാണ് ചടങ്ങ്. പിറ്റേന്ന് കണിമംഗലം ശാസ്താവിന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാണ് ഇത്. പൂരത്തലേന്നത്തെ ഈ ചടങ്ങിന് വലിയ ജനസാഗരമാണ് ഉള്ളത്.

