Wednesday, May 15, 2024
spot_img

പോലീസ് വകുപ്പിന് നാണക്കേട്: വനിതാ തടവുകാര്‍ ജയില്‍ ചാടുന്നത് ഇതാദ്യം; തടവുകാരികള്‍ ജയില്‍ചാടിയത് കൃത്യമായ ആസൂത്രണത്തോടെ

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത സബ് ജയിലില്‍ നിന്നും രണ്ട് തടവുകാരികള്‍ ജയില്‍ചാടിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് കേരളാ പോലീസ്. നാളുകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇവര്‍ ജയില്‍ചാടിയത്. ജയില്‍ ചാട്ടത്തെക്കുറിച്ച് മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നു.

ജയില്‍ ചാടുന്നതിന് മുമ്പ് ശില്‍പയെന്ന തടവുകാരി ഒരാളെ ഫോണ്‍ ചെയ്തിരുന്നു.ഇന്നലെ വൈകുന്നേരമാണ് ശില്‍പയും സന്ധ്യയും ജയില്‍ ചാടിയത്. തടവുകാരെ ജയിലിനുള്ളിലെ ജോലികള്‍ക്കായി സെല്ലില്‍ നിന്നും പുറത്തുവിടാറുണ്ട്.

ഇന്നലെയും ഇവരടക്കമുള്ളവരെ പുറത്ത് വിട്ടിരുന്നു. എന്നാല്‍, തിരികെ സെല്ലിലേക്ക് തടവുകാരെ പ്രവേശിപ്പിക്കുന്ന സമയത്ത് എണ്ണമെടുത്തപ്പോഴാണ് രണ്ടുപേരെ കാണാനില്ലെന്ന് മനസിലാക്കിയത്.

നാലര മണിക്കു ശേഷം ഇവരെ കാണാനില്ലന്ന് സഹതടവുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ജയിലിനകത്തും പുറത്തുമായി ജയില്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. ജയിലിനുള്ളില്‍ പ്രതികള്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.

സംഭവമറിഞ്ഞ് ജയില്‍ മേധാവി ഋഷിരാജ് സിംഗും സ്ഥലത്തെത്തിയിരുന്നു. ഇവര്‍ക്ക് പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മുരിങ്ങ മരത്തില്‍ കേറി തടവുകാരികള്‍ രക്ഷപ്പെടുന്നതായി കണ്ടത്. മതില്‍ ചാടി ഇരുവരും ഓട്ടോയില്‍ കയറി പോവുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ഈ മാസമാണ് ഇവര്‍ അട്ടക്കുളങ്ങര ജയിലിലെത്തിയത്. സന്ധ്യ മോഷണക്കേസിലും ശില്പ വഞ്ചനാക്കേസിലും പ്രതികളാണ്. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തു.നഗരത്തിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് ഷാഡോ പൊലീസും സ്പെഷ്യല്‍ ബ്രാഞ്ചും തിരച്ചില്‍ ശക്തമാക്കി.

റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇവരുടെ ഫോട്ടോകള്‍ നല്‍കിയതായി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊലീസ് ജയില്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയിട്ടും ഇവരെ കണ്ടെത്താനായില്ല. സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീകള്‍ ജയില്‍ ചാടുന്നത്.

Related Articles

Latest Articles