ശ്രീനഗര്‍: പാകിസ്ഥാനുവേണ്ടി ചാരപ്പണി ചെയ്ത രണ്ടുപേരെ അറസ്റ്റ് ചെയ്തു. നസീര്‍ ഹുസൈന്‍, മുഹമ്മദ് മുക്താര്‍ എന്നിവരെയാണ് ജമ്മു കശ്മീരിലെ രജൗരിയിലുള്ള അതിര്‍ത്തി ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
അതേസമയം ഇതിലൊരാള്‍ സൈന്യത്തിന് വേണ്ടി പോര്‍ട്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. രണ്ടാമത്തെയാള്‍ ഇയാളുടെ ബന്ധുവാണ്. പൊലീസിന്‍റെയും സൈന്യത്തിന്‍റെയും സംയുക്ത സംഘമാണ് അറസ്റ്റ് ചെയതത്.
സൈന്യത്തിന്‍റെ സുരക്ഷ പ്രാധാന്യമുള്ള കെട്ടിടങ്ങളും മറ്റും വിഡിയോ എടുത്ത് ഇവര്‍ കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ‘രാഷ്ട്രീയ റൈഫിള്‍സി’ന്‍റെ ആസ്ഥാനമായി പ്രവര്‍ത്തിച്ച ഇടത്തിന്‍റെ ദൃശ്യങ്ങളാണ് ഇവര്‍ മൊബൈലില്‍ പകര്‍ത്തിയത്. ഇതുസംബന്ധിച്ച് ഡിസംബര്‍ 16നാണ് വിവരം ലഭിച്ചതെന്ന് പൊലീസ് വക്താവ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

