ദില്ലി : രാജ്യതലസ്ഥാനത്ത് ഹാട്രിക് വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. മുതിർന്ന ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ് വമ്പൻ വിജയത്തിലേക്കാണ് കന്നിയങ്കത്തിൽ നീങ്ങുന്നത്. ഇതുവരെ 354,789 വോട്ടുകളാണ് ബാൻസുരി സ്വരാജ് നേടിയിരിക്കുന്നത്.
ആംആദ്മിയുടെ സ്വാമനാഥാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. ഇതുവരെ 303,834 വോട്ടുകളാണ് സ്വാമനാഥ് നേടിയത്. ബിഎസ്പിയുടെ രാജ് കുമാർ ആനന്ദ് 4501 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മീനാക്ഷി ലേഖി വൻ ഭൂരിപക്ഷത്തിലാണ് ദില്ലി മണ്ഡലത്തിൽ വിജയിച്ചത്.
അതേസമയം, ദില്ലിയിൽ ആംആദ്‌മിയും കോൺഗ്രസും ഒന്നിച്ച് മത്സരിച്ചിട്ടും വമ്പൻ കുതിപ്പാണ് ബിജെപി കാഴ്ച വയ്ക്കുന്നത്. ഏഴ് ലോക്‌സഭാ സീറ്റുകളിലും ബിജെപിയാണ് മുന്നിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ വർഷമെങ്കിലും സീറ്റ് ഉറപ്പിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു എഎപി കോൺഗ്രസിനൊപ്പം കൈകോർത്തത്. എന്നാൽ വീണ്ടും പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് ഇതിലൂടെ മനസിലാക്കാനാകുന്നത്.

