കർണാടകയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെയുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ഏറ്റവും വലിയ ലക്ഷ്യം തന്നെ പ്രീണന രാഷ്‌ട്രീയമാണെന്ന് നരേന്ദ്രമോദി ആരോപിച്ചു.ഹരിയാനയിലെ കുരുക്ഷേത്രയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. ഘോഷയാത്രയിൽ ഗണപതി വിഗ്രഹത്തിന് നേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ച ഭക്തരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം ഏറെ വിമർശനമാണ് ക്ഷണിച്ചു വരുത്തിയത്. ഇതിനൊപ്പം ഗണേശ വിഗ്രഹത്തെ പോലീസ് വാഹനത്തിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.
“കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഗണപതിയെപ്പോലും ജയിലിൽ അടയ്‌ക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. രാജ്യം മുഴുവൻ ഗണേശോത്സവം ആഘോഷിക്കുന്നു. എന്നാൽ കോൺഗ്രസ് അതിന് തടസ്സം നിൽക്കുന്നു. ഇന്നുള്ളത് പഴയ കോൺഗ്രസല്ല, ഇന്നത്തെ കോൺഗ്രസ് അർബൻ നക്‌സലിന്റെ പുതിയ രൂപമായി മാറിയിരിക്കുന്നു. നുണ പറയുന്നതിൽ കോൺഗ്രസിന് നാണമില്ല,” – നരേന്ദ്ര മോദി പറഞ്ഞു.

