അഗളി:അമ്മയാനയുടെ അടുത്തുനിന്ന് കൂട്ടംതെറ്റി ജനവാസമേഖലയില്‍ എത്തിയ കാട്ടാനക്കുട്ടിയെ അമ്മയാന എത്തിയിട്ടും കൂടെ കൊണ്ട് പോയില്ല.വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഈകാര്യത്തിൽ വലിയ നിരാശയാണ് നിലനിൽക്കുന്നത്.കൃഷ്ണയെ സൂക്ഷിച്ചിരുന്ന കൂട് തകര്‍ത്ത് തള്ളയാന കൊണ്ടുപോകുമെന്ന വനംവകുപ്പിന്‍റെ നിരീക്ഷണത്തിന് വിപരീതമായിരുന്നു തള്ളയാനയുടെ നടപടി.കുട്ടിയാന എന്ന എല്ലാ പരിഗണനയും നൽകിക്കൊണ്ടാണ് വനപാലകർ ആനയെ സംരക്ഷിക്കുന്നത്.’അമ്മ എത്തിയിട്ടും കൂടെ കൊണ്ട് പോകാത്ത സാഹചര്യത്തിൽ കാട്ടാനക്കുട്ടിയെ കൃഷ്ണ വനത്തിലെ ബൊമ്മിയാംപ്പടിയിലെ കാട്ടിലേക്ക് മാറ്റുകയാണ്.കുട്ടിയാനയെ അമ്മയാന കൂടെ കൂട്ടാൻ ഇനി സാധ്യത വളരെ കുറവാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇതോടെയാണ് കൃഷ്ണയെ മാറ്റുന്നത്.
വ്യാഴാഴ്ചയാണ് അമ്മയാനയുമായി ഒരു വയസ്സുള്ള കുട്ടിക്കൊമ്പൻ കാടിറങ്ങിവന്നത്. ജനവാസമേഖലയിൽ കുട്ടിക്കൊമ്പനെ തനിച്ചാക്കി അമ്മയാന കാടുകയറുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളാണ് കാട്ടാനക്കുട്ടിയെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്കൊമ്പനായി വനംവകുപ്പ് താത്ക്കാലിക കൂടൊരുക്കുകയായിരുന്നു.അമ്മയെ കണ്ടെത്തി കാട്ടാനക്കുട്ടിയെ ഒപ്പം ചേർത്ത് ആനക്കൂട്ടത്തെ വനപാലകർ കാടു കയറ്റിയിരുന്നു. എന്നാൽ, വൈകീട്ടോടെ കാട്ടാനക്കുട്ടി കാടിറങ്ങുകയായിരുന്നു. വീണ്ടും കാട്ടിലേക്ക് വിടാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും അതും വിജയിച്ചില്ല. കാട്ടാനയെ കാടുകയറ്റുന്നത് കാണാൻ ആളുകൾ കൂടിയതാണ് പ്രശ്നമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

