Monday, October 19, 2026

അമിതമായ മൊബൈൽ ഉപയോഗം; കഴുത്തിന് 3 ലക്ഷം രൂപയുടെ ശസ്ത്രക്രിയ, കാരണം വെളിപ്പെടുത്തി നടി ഷക്കീല

ചെന്നൈ: അമിതമായ മൊബൈൽ ഫോൺ ഉപയോഗവും തെറ്റായ രീതിയിലുള്ള കിടപ്പും മൂലം കഴുത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് നടി ഷക്കീല ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്ന് താരം വെളിപ്പെടുത്തി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഷക്കീല ഇക്കാര്യം ആരാധകരെ അറിയിച്ചത്.

കിടക്കയിൽ ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് മണിക്കൂറുകളോളം മൊബൈൽ ഗെയിമുകൾ കളിക്കുകയും യൂട്യൂബ്, ഇൻസ്റ്റഗ്രാം റീലുകൾ കാണുകയും ചെയ്യുന്നത് പതിവായിരുന്നുവെന്ന് ഷക്കീല പറഞ്ഞു. നാല് മണിക്കൂറോളം തുടർച്ചയായി ഇതേ രീതിയിൽ കിടന്ന് ഗെയിം കളിക്കാറുണ്ടായിരുന്നെന്നും ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേൽക്കാറുള്ളതെന്നും താരം വ്യക്തമാക്കി.

തുടർച്ചയായ മൊബൈൽ ഉപയോഗവും തെറ്റായ രീതിയിൽ കിടന്നുള്ള ഉപയോഗവും കഴുത്തിലെ ഞരമ്പുകളെ ബാധിച്ചതോടെയാണ് ശസ്ത്രക്രിയ ആവശ്യമായി വന്നതെന്ന് ഷക്കീല പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം കഴുത്തിൽ നെക്ക് കോളർ ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. നിലവിൽ കട്ടിലിൽ നിന്ന് എഴുന്നേൽക്കാനും ഭക്ഷണം കഴിക്കാനും പോലും മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്നും അവർ വ്യക്തമാക്കി.

മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഷക്കീല അഭ്യർത്ഥിച്ചു. മൊബൈൽ ഫോൺ ഉപകാരപ്രദമായ ഉപകരണമാണെങ്കിലും ആവശ്യത്തിലധികം ഉപയോഗിക്കുന്നത് ഒഴിവാക്കണം. കുട്ടികൾക്ക് അമിതമായി ഫോണുകളും മറ്റ് ഗാഡ്ജറ്റുകളും നൽകുന്നതിനെതിരെയും മാതാപിതാക്കൾക്ക് താരം മുന്നറിയിപ്പ് നൽകി.

അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ഫോൺ ഉപയോഗിക്കണമെന്നും അനാവശ്യ വീഡിയോകൾ കാണുന്നത് ഒഴിവാക്കണമെന്നും ഷക്കീല പറഞ്ഞു. അമിതമായ മൊബൈൽ ഉപയോഗം മൂലം തനിക്ക് നേരിടേണ്ടി വന്നത് വലിയ വേദനയും മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടവുമാണെന്നും താരം കൂട്ടിച്ചേർത്തു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ് ഷക്കീല.

Related Articles

Latest Articles