Sunday, May 19, 2024
spot_img

ബാംഗ്ലൂർ രാമേശ്വരം കഫേയിലെ സ്ഫോടനം ! യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്തു; സ്‌ഫോടക വസ്തു അടങ്ങിയ ബാഗുമായി വന്നയാൾ അതുപേക്ഷിച്ച് കടന്നത് റവ ഇഡ്‌ലി ഓർഡർ ചെയ്ത ശേഷം ! സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തം !

ബെം​ഗളൂരു : ബെംഗളൂരു കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ ഉണ്ടായ സ്‌ഫോടനത്തിൽ യുഎപിഎ നിയമപ്രകാരം കേസെടുത്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കഫേയിൽ ബാഗ് കൊണ്ടുവച്ചത് 28-30 വയസ്സ് പ്രായമുള്ള ആളാണെന്ന് വ്യക്തമായിട്ടുണ്ട്. ഐടിപിഎൽ റോഡിലെ മറ്റ് കടകളിൽ നിന്നുള്ള ദൃശ്യവും പോലീസ് ശേഖരിച്ച് വരികയാണ്. ബസ്സിൽ നിന്ന് പ്രതിയുടെ അതേ മുഖവും വസ്ത്രവും ധരിച്ച ഒരാൾ നടന്നു വരുന്നത് ഒരു സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അത് രണ്ടും ഒരാൾ ആണോ എന്ന പരിശോധന തുടരുകയാണ്.

കഫേയിലെത്തിയ ഇയാൾ കൂപ്പൺ എടുത്ത് റവ ഇഡ്‌ലി ഓർഡർ ചെയ്തിരുന്നുവെങ്കിലും കഴിക്കാതെ ബാഗ് സ്ഥലത്ത് വച്ച ശേഷം കടന്ന് കളയുകയായിരുന്നു. സ്ഫോടനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു.

“ബാഗ് കൊണ്ടുവെച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങളിൽ മുഖം വ്യക്തമാണ്. എന്നാൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. എല്ലാവരും അപകടനില തരണം ചെയ്തു കഴിഞ്ഞു. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായത്. എല്ലാ വശങ്ങളും പരിശോധിക്കും. ക്രൈംബ്രാഞ്ച് 8 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണെന്നും നഗരത്തിൽ നിരീക്ഷണം ശക്തമായി തുടരും”- ഡികെ ശിവകുമാർ പറഞ്ഞു.

ഇന്നുച്ചയ്ക്കാണ് വൈറ്റ്ഫീൽഡിൽ പ്രവർത്തിക്കുന്ന രാമേശ്വരം കഫേയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ 9 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 3 പേർ കഫേ ജീവനക്കാരാണ്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിനിടയായത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു

Related Articles

Latest Articles