Saturday, January 10, 2026

തീവ്രന്യൂനമർദ്ദം ഇന്ന് ശക്തി കുറഞ്ഞേക്കും; സംസ്ഥാനത്തെ മഴ സാഹചര്യവും മാറും; 6 ജില്ലകളിൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തീവ്രന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞേക്കും. ഇന്ന് കൂടിയേ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളുവെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. തെക്കു ഒഡിഷ തീരത്തിന് സമീപത്തുള്ള തീവ്ര ന്യൂനമർദ്ദം ഇന്ന് ശക്തി കുറയാനാണ് സാധ്യത. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മഴയുടെ ശക്തി കുറയുക. അതേസമയം ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നുണ്ട്. മധ്യ – വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.

ഈ സാഹചര്യത്തിൽ 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത തുടരണം.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-കർണാടക തീരങ്ങളിൽ സെപ്റ്റംബർ 12 ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് മല്‍സ്യബന്ധനത്തിനു തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരം അതിനോട് ചേർന്നുള്ള മധ്യ – കിഴക്കൻ അറബിക്കടലിൽ എന്നിവിടങ്ങളിൽ സെപ്റ്റംബർ 12 ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കർണാടക തീരം അതിനോട് ചേർന്നുള്ള തെക്ക് – കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ സെപ്റ്റംബർ 12 ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Related Articles

Latest Articles