Monday, April 29, 2024
spot_img

എഴുത്തച്ഛൻ പുരസ്കാരം ഭാഷാ ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ. എസ്.കെ വസന്തന് ;പുരസ്കാര നേട്ടം 89-ാം വയസിൽ

മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്‍കാരമായ എഴുത്തച്ഛന്‍ പുരസ്‍കാരത്തിന് മലയാളത്തിലെ ഭാഷാ ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ എസ് കെ വസന്തൻ അർഹനായി. മികച്ച അദ്ധ്യാപകൻ, വാഗ്മി, ഗവേഷണ മാർഗദർശി തുടങ്ങിയ നിലകളിലുള്ള സംഭാവനകൾ കൂടി പരിഗണിച്ചാണ് ഡോ. അനില്‍ വള്ളത്തോള്‍ ചെയര്‍മാനും ഡോ. ധർമരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി സോമൻ, മെമ്പർ സെക്രട്ടറി സി പി അബൂബക്കർ എന്നിവർ അംഗങ്ങളുമായ സമിതി പുരസ്‌കാര ജേതാവായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. അഞ്ചുലക്ഷം രൂപയും ശില്‍പ്പവും മംഗളപത്രവും അടങ്ങുന്ന പുരസ്‍കാരം സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപിച്ചത്. 89-ാം വയസിലാണ് എസ് കെ വസന്തനെ തേടി പുരസ്കാരമെത്തുന്നത്.

ഉപന്യാസം, നോവൽ, ചെറുകഥ, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ രചനകൾ പണ്ഡിതരുടെയും സഹൃദയരുടെയും സജീവമായ ശ്രദ്ധ പിടിച്ചുപറ്റിയിയെന്ന് പുരസ്കാരനിർണയ സമിതി അഭിപ്രായപ്പെട്ടു. ചരിത്രഗവേഷകന്‍, അധ്യാപകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായ വസന്തൻ കാലടി ശ്രീശങ്കര കോളേജിലും പിന്നീട് സംസ്കൃത സർവകലാശാലയിലും അധ്യാപകനായിരുന്നു.

കൂടിയല്ലാ ജനിക്കുന്ന നേരത്തും, കേരള സംസ്‌കാര ചരിത്രനിഘണ്ടു, നമ്മള്‍ നടന്ന വഴികള്‍ എന്നിവയാണ് പ്രധാന രചനകള്‍. 2007-ല്‍ വൈജ്ഞാനിക സാഹിത്യത്തിന് കേരള സാംസ്‌കാരികചരിത്ര നിഘണ്ടു എന്ന രചനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. . 2013 ല്‍ സമഗ്ര സംഭാവനയ്ക്കുള്ള അക്കാദമി പുരസ്‌കാരജേതാവുമായിരുന്നു എസ് കെ വസന്തന്‍.

Related Articles

Latest Articles