കണ്ണൂര്‍: കണ്ണൂരിൽ പനി ബാധിച്ച് പതിനൊന്നുകാരി മരിച്ചു. കണ്ണൂര്‍ നാലുവയലില്‍ ഹിദായത്ത് വീട്ടില്‍ ഫാത്തിമയാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഫാത്തിമയെ ആശുപത്രിയില്‍ എത്തിക്കുന്നത്. അപ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
അതേസമയം കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്‌ക്ക് കടുത്ത പനിയുണ്ടായിരുന്നുവെന്നും എന്നാല്‍ കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെന്നും പരിസരവാസികളും നാട്ടുകാരും ആരോപിക്കുന്നു.
മാത്രമല്ല ശാസ്ത്രീയമായ ചികിത്സയും വൈദ്യപരിശോധനയും നല്‍കാന്‍ താല്പര്യമില്ലാത്തവരാണ് ഫാത്തിമയുടെ കുടുംബത്തിലുള്ളവരെന്നും ആരോപണമുയരുന്നുണ്ട്.
എന്നാൽ ആധുനിക വൈദ്യശാസ്ത്ര ചികിത്സയേക്കാള്‍ മതപരമായ ചില ചികിത്സാരീതികളിലാണ് ഇവര്‍ക്ക് വിശ്വാസമെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്.
നേരത്തെ ഫാത്തിമയുടെ കുടുംബത്തിലെ ഒരു ബന്ധുവും ഇത്തരത്തില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.

