ന്യൂയോർക്ക്: വ്യാജ ഡോക്ടർ നടത്തിയ സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്കിടെ കോമയിലായ യുവതിക്ക് ദാരുണാന്ത്യം. വ്യാജ ഡോക്ടർ അനസ്തേഷ്യ നൽകാനായി കുത്തിവച്ച മരുന്ന് ഓവർ ഡോസായതാണ് യുവതിയുടെ ജീവനെടുത്തത്. യുവതി കോമയിലായതിന് പിന്നാലെ മറ്റൊരു ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ 31കാരി മരിയ പെനലോസയാണ് മരിച്ചത്. കൊളംബിയൻ സ്വദേശിയായ ഇവർ ക്യൂൻസിലെ ഒരു ക്ലിനിക്കിലാണ് വ്യാജ ഡോക്ടറുടെ ശസ്ത്രക്രിയക്ക് വിധേയയായത്.
നേരത്തെ മരിയയുടെ ഒരു സുഹൃത്ത് ഈ വ്യാജ ഡോക്ടറുടെ ക്ലിനിക്കിൽ ഒരു ശസ്ത്ര്കിയയ്ക്ക് പോയിരുന്നു. ഇവരാണ് ഈ സ്ഥലം മരിയയ്ക്ക് റെക്കമൻഡ് ചെയ്തത്. തുടർന്ന് കഴിഞ്ഞ 28നാണ് മരിയ സൗന്ദര്യ വർദ്ധക ചികിത്സ തേടി വ്യാജ ഡോക്ടറായ ഫിലിപ് ഹോയോസ് എന്നയാളുടെ ക്ലിനിക്കിലെത്തിയത്. ഇയാൾ അനസ്തേഷ്യ നൽകാനായി ലിഡോകൈൻ എന്ന മരുന്ന് കുത്തിവെച്ചു. ഓവർ ഡോസായതോടെ കോമയിലായ യുവതി രണ്ടാഴ്ച കഴിഞ്ഞ് മരണപ്പെടുകയായിരുന്നു.
സംഭവ ദിവസം തന്നെ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ കൊലപാതക കുറ്റവും യോഗ്യതയില്ലാതെ ചികിത്സ നടത്തിയതിനുൾപ്പെടെയുള്ള മറ്റ് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

