ബെംഗളൂരു : കർണാടക മുൻ ഡിജിപി വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 2015 മുതൽ 17 വരെ കർണാടക പോലീസ് മേധാവി ആയിരുന്ന ബിഹാർ സ്വദേശി ഓം പ്രകാശിനെയാണ് (68) രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതമെന്നാണ് സംശയം. സംഭവത്തിൽ ഓം പ്രകാശിന്റെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടെന്നാണ് വിവരം.
ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിൽ ഓം പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ചുകിടന്ന ഓം പ്രകാശിന്റെ മൃതദേഹം പൊലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്. ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നിലവിൽ അസാധാരണമായ മരണത്തിനാണു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1981 കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് കർണാടക ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ ചുമതലയും വഹിച്ചിരുന്നു.

