Sunday, June 2, 2024
spot_img

വ്യാജ തെരഞ്ഞെടുപ്പ് കാര്‍ഡ് രാജ്യസുരക്ഷയെ ബാധിക്കുന്നത്,എല്ലാം കോണ്‍ഗ്രസ്സ് നേതാക്കളുടെ അറിവോടെ: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് രാജ്യരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിക്കും കെ.സി.വേണുഗോപാലിനും എം.എം.ഹസ്സനുമുള്‍പ്പെടെ വ്യാജ തിരച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണത്തെ കുറിച്ച് അറിയാമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡിനെ കുറിച്ചുള്ള പരാതിയില്‍ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ മൊഴി കൊടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള, കര്‍ണാടക നേതാക്കള്‍ക്ക് വ്യാജ തരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണത്തില്‍ പങ്കുണ്ട്. മലയാളിയും കര്‍ണാടക കോണ്‍ഗ്രസ്സിലെ ഉന്നത നേതാവുമായ എന്‍.എ. ആരിഫിൻ്റെ മകനും കർണാടകയിലെ യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റുമായ ഹാരിസ് ആലപ്പാടനും ചേര്‍ന്നാണ് വ്യാജ തിരച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയത്. കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഷാഫി പറമ്പിലും പോയിരുന്നു. അതിനുശേഷമാണ് ഇരുവരും ചേര്‍ന്ന് കേരളത്തിലും വ്യാജ തിരച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചത്. രാഹുല്‍ഗാന്ധിക്കും കെ.സി. വേണുഗോപാലിനും ഇതെല്ലാം അറിയാം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും ഇതുമായി ബന്ധമുണ്ട്. എം.എം. ഹസന്‍ എല്ലാ ജില്ലാ യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിന് കേരള പൊലീസിന് പരിമിധിയുണ്ടെങ്കില്‍ മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറുന്നതിനുള്ള സാദ്ധ്യതകള്‍ തേടുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

തൊഴിലുറപ്പുകാരെ കൊണ്ട് ആള് നിറച്ച് നവകേരള സദസ്
കുടുംബശ്രീക്കാരെയും തൊഴിലുറപ്പുകാരെയും കൊണ്ടുവന്നാണ് നവകേരള സദസിന് ആളെ കൂട്ടുന്നതെന്ന് കെ. സുരേന്ദ്രന്‍ പരിഹസിച്ചു. ഒരോ മണ്ഡലത്തിലും 3000 പരാതി ലഭിച്ചാല്‍ തലസ്ഥാനത്തെത്തിയാൽ പരാതികള്‍ എട്ടുലക്ഷത്തിലധികം ആകും. ഏഴര വര്‍ഷക്കാലം ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാതെ അധികാരത്തില്‍ അടയിരിക്കുകയായിരുന്നോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
വ്യാജ തിരച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ആപ്പ് സംബന്ധിച്ച രേഖകള്‍, വീഡിയോ ദൃശ്യങ്ങള്‍ തുടങ്ങി വിലപ്പെട്ട തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കെ. സുരേന്ദ്രന്‍ കൈമാറി. അതിനുശേഷം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിനെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറി വി.വി. ഗിരി, ബിജി വിഷ്ണു എന്നിവരും അനുഗമിച്ചു.

Related Articles

Latest Articles