Sunday, June 2, 2024
spot_img

കുടുംബ കലഹം;ദമ്പതികൾ തീപ്പൊള്ളലേറ്റ് ആശുപത്രിയിൽ; മണ്ണെണ്ണ ഒഴിച്ചതും തീ കൊളുത്തിയതും ആരെന്ന് വ്യക്തമല്ല

പത്തനംതിട്ട: പതിവായ കുടുംബ കലഹത്തെ തുടർന്ന് ഭാര്യയും ഭർത്താവും തീപ്പൊള്ളലേറ്റ് ആശുപത്രിയിൽ. ആരാണ് മണ്ണെണ്ണ ഒഴിച്ചതെന്നും തീ കൊളുത്തിയത് എന്നും വ്യക്തമല്ല. കൊടുമൺ കിഴക്ക് മണിമല മുക്ക് നീർപ്പാലത്തിന് സമീപം പാലവിളയിൽ വീട്ടിൽ ജോസ് (62), ഭാര്യ ഓമന (56) എന്നിവരാണ് പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ കഴിയുന്നത്.

വെള്ളിയാഴ്ച വൈകിട്ട് 3.45 നാണ് സംഭവം. അടുക്കളവാതിലിന് സമീപത്ത് നിന്ന് തീ പിടിച്ച നിലയിൽ വീട്ടിലേക്ക് കയറി വന്ന ഓമനയെ മകൻ ജോബിയാണ് കണ്ടത്. ഉടൻ തന്നെ ജോബി തീയണച്ച് ഓമനയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഇവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

വിവരമറിഞ്ഞ് എത്തിയ പോലീസ് സംഘമാണ് നിലത്ത് വീണു കിടന്ന ജോസിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പൊള്ളൽ മാരകമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കാലി വളർത്തിയാണ് ജോസും കുടുംബവും ഉപജീവനം കഴിക്കുന്നത്. ജോസും ഓമനയുമായി കലഹം പതിവാണ്. വെള്ളി വൈകിട്ടും കലഹം നടന്നു. ഇതിനിടെയാണ് തീപ്പൊള്ളലേറ്റിരിക്കുന്നത്. അടുക്കള വാതിലിന് സമീപം നിന്ന് മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തു.

വഴക്ക് പതിവായതിനാൽ എന്തു ബഹളം കേട്ടാലും പരിസരവാസികൾ ശ്രദ്ധിക്കാറില്ല. ഇതേ കാരണത്താൽ മകനും ശ്രദ്ധിച്ചിരുന്നില്ല. കത്തുന്ന വസ്ത്രങ്ങളുമായി കയറി വന്ന അമ്മയുടെ തീയണച്ച് മകൻ ജോബി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Related Articles

Latest Articles