Monday, September 28, 2026

ചരിത്രം കുറിച്ച് കാര്‍ഷിക ബില്ലുകള്‍ നിയമമായി: ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവച്ചു

ദില്ലി: ലോക്സഭയും രാജ്യസഭയും പാസാക്കിയ കാര്‍ഷിക ബില്ലുകളില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പു വച്ചു. ഇതോടെ ബില്ലുകള്‍ നിയമമായി. കഴിഞ്ഞ ആഴ്ചയാണ് രാജ്യസഭയിലും ലോക്‌സഭയിലും ബില്ലുകള്‍ പാസായത്. ബില്ലുകള്‍ നിയമമായത് കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫൈ ചെയ്തിട്ടുണ്ട്. നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ച് ബില്ലില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. മൂന്ന് കാര്‍ഷിക ബില്ലുകളിലും ഒപ്പുവയ്ക്കാതെ തിരിച്ചയയ്ക്കണമെന്നായിരുന്നു ആവശ്യം.

കാര്‍ഷികബില്ലുകള്‍ പാസാക്കിയ പാര്‍ലമെന്റിന്റെ നടപടി ഇന്ത്യയുടെ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. കര്‍ഷകരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. കര്‍ഷകരില്‍ ഊന്നിയുള്ള വിപണിയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. തടസങ്ങളില്ലാതെ കാര്‍ഷികോത്പന്നങ്ങള്‍ക്കായി കര്‍ഷകര്‍ സ്വയം പര്യാപ്തത കൈവരിക്കണം. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താനും കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സ്വന്തമായി വിപണനം നടത്താനുമുള്ള സ്വാതന്ത്രം നല്‍കുക കൂടിയാണ് കാര്‍ഷിക ബില്ലിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിലൂടെ ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് ലാഭം ലഭ്യമാകുമെന്നും പ്രധാനമന്ത്രി പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെ പറഞ്ഞിരുന്നു.

Related Articles

Latest Articles