Sunday, May 19, 2024
spot_img

POK പിടിച്ചെടുത്താല്‍ പാക്കിസ്ഥാന്‍ അണുബോംബ് ഇടുമെന്ന് ഫാറൂഖ് അബ്ദുള്ള; പാക്ക് ഭാഷയെന്ന് ബിജെപി

‘അധിനിവേശ കശ്മിര്‍ പിടിച്ചെടുത്താല്‍ ഇന്ത്യയില്‍ പാക്കിസ്ഥാന്‍ അണുബോംബ് ഇടുമെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) നേതാവ് ഫാറൂഖ് അബ്ദുള്ള. POK- ഇന്ത്യയുമായി ലയിപ്പിക്കും എന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു എന്‍ സി നേതാവ്. അത്തരം നടപടികളുണ്ടായാല്‍ പാക്കിസ്ഥാന്‍ വെറുതേയിരിക്കില്ലെന്നും അദ്ദേഹം പറയുന്നു

എന്നാല്‍ പിഒകെ പിടിച്ചടക്കേണ്ട ആവശ്യമില്ലെന്നാണ് രാജ്നാഥ് സിംഗ് പറഞ്ഞത്. ആ പ്രദേശം ഇന്ത്യയുടേതു തന്നെയാണ്. അതില്‍ ആര്‍ക്കാണ് സംശയം. അത് പിടിച്ചെടുക്കേണ്ട കാര്യമില്ല. ഇന്ത്യാ ടിവിയിലെ എഎപി കി അദാലത്ത് പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാന് എപ്പോഴെങ്കിലും കശ്മീര്‍ എടുക്കാന്‍ കഴിയുമോ? ഇന്ത്യയെ ആക്രമിക്കാനും അധിനിവേശം നടത്താനും അവര്‍ക്കു കഴിയില്ല, അതുകൊണ്ടു തന്നെ അവര്‍ കശ്മീരിനെക്കുറിച്ച് ആശങ്കപ്പെടേണ്ട ആവശ്യമില്ല. പിഒകെ യിലെ ആളുകള്‍ തന്നെ ഇന്ത്യയുമായി ലയിക്കാന്‍ ആവശ്യപ്പെടുന്ന ഒരു സാഹചര്യം അവിടെ വികസിച്ചുകൊണ്ടിരിക്കുന്നു.

രാജ്നാഥ് സിങ്ങിന്റെ പരാമര്‍ശത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ഫറൂഖ് അബ്ദുള്ളയ്ക്ക് ഉള്ളിലു്ള്ള പാക്കിസ്ഥാന്‍ പ്രേമം മറച്ചു വയ്ക്കാനായില്ല. പി ഒ കെ പിടിച്ചെടുക്കുമെന്ന് പ്രതിരോധ മന്ത്രി പറയുന്നുണ്ടെങ്കില്‍ മുന്നോട്ട് പോകട്ടെ. തടയാന്‍ നമ്മള്‍ ആരാണ്? എന്നാല്‍ ഓര്‍ക്കുക, അവരുടെ കൈകളും കെട്ടിയിട്ടില്ലല്ലോ. അവരുടെ പക്കല്‍ ആറ്റം ബോംബുകളുണ്ട്. അങ്ങനെ ഉണ്ടായാല്‍ നിര്‍ഭാഗ്യവശാല്‍ ആറ്റം ബോംബ് നമ്മുടെമേല്‍ പതിക്കും.’

മുന്‍ കശ്മിര്‍ മുഖ്യമന്ത്രികൂടിയായ ഫറൂഖ് അബ്ദുള്ളയുടെ പരാമര്‍ശം പക്ഷേ വിവാദമായി. പാകിസ്ഥാന്‍ ഭാഷയിലാണ് ഫാറൂഖ് സംസാരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഇന്‍ഡി മുന്നണിക്ക് പാകിസ്ഥാനെ കുറിച്ച് നല്ല മതിപ്പ് ഉണ്ടെന്നും ബിജെപി നേതാവ് സുധാന്‍ഷു ത്രിവേദി പറഞ്ഞു.

‘ഇതുവരെ പാക്കിസ്ഥാനിലെ ചില തീവ്രവാദ നേതാക്കളാണ് പക്കല്‍ ആറ്റംബോംബുണ്ടെന്ന് പറഞ്ഞിരുന്നത് . എന്നാല്‍ ഇപ്പോള്‍, ഇന്ത്യന്‍ ബ്ലോക്കിന്റെ മുതിര്‍ന്ന നേതാവും മുന്‍നിര നേതാവുമായ ഫാറൂഖ് അബ്ദുള്ളയും ഇത് തന്നെ പറയുന്നു. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോകണമെന്നത് പാകിസ്ഥാന്റെ താത്പര്യമാണ്. മഹാരാഷ്ട്രയിലെ പ്രതിപക്ഷത്തെ കോണ്‍ഗ്രസ് നേതാവാകട്ടെ മുംബൈ ആക്രമണക്കേസില്‍ പാക്കിസ്ഥാന് ധാര്‍മ്മിക പിന്തുണ നല്‍കുന്നു. ത്രിവേദി ആരോപിക്കുന്നു.

എന്‍ഡിഎയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) ഫാറൂഖ് അബ്ദുള്ളയുടെ പരാമര്‍ശത്തെ അപലപിച്ചു. രാജ്യത്തിനാകെ നാണക്കേടാണ് ഫറൂഖിന്റെ പ്രസ്താവനയെന്നും രാജ്യത്ത് താമസിക്കുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ നല്‍കുന്നതില്‍ ലജ്ജിക്കുന്നതായും ആര്‍ എല്‍ഡി ദേശീയ ജനറല്‍ സെക്രട്ടറി മലൂക്ക് നഗര്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കിയപ്പോള്‍ ഫാറൂഖ് അബ്ദുള്ളയും മകന്‍ ഒമര്‍ അബ്ദുള്ളയും നല്‍കിയ അഭിമുഖങ്ങള്‍ കണ്ടാല്‍ അവര്‍ പാകിസ്ഥാനികളാണെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ലജ്ജ വേണം. ഇത്തരക്കാര്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ല,’ അദ്ദേഹം പറഞ്ഞു.

പിഒകെ ഒരിക്കലും ഇന്ത്യയില്‍ നിന്ന് പുറത്തുപോയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും നേരത്തെ പറഞ്ഞിരുന്നു.’പിഒകെ ഒരിക്കലും ഈ രാജ്യത്തിന് പുറത്ത് പോയിട്ടില്ല. ഈ രാജ്യത്തിന്റെ ഭാഗമാണ്. പിഒകെ ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പ്രമേയമുണ്ട്.’ അദ്ദേഹം ഓര്‍മ്മിപ്പിച്ചു

Related Articles

Latest Articles