കാസർഗോഡ് : ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ കമ്പനി ചെയര്‍മാനും മുന്‍ മുസ്ലിം ലീഗ് മഞ്ചേശ്വരം എംഎല്‍എയുമായ എം സി കമറുദ്ദീനും മാനേജിങ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍. തിങ്കളാഴ്ചയാണ് ഇരുവരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്168 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി 263 പേരാണ് പരാതി നല്‍കിയിട്ടുളളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടങ്ങിത്. പൊതുജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കാൻ ഫാഷൻ ഗോൾഡിന് അധികാരമില്ലെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഓഹരിയായും വായ്പയായുമാണ് പണം സ്വരൂപിച്ചത്. പ്രതികൾ ഈ പണമെടുത്ത് സ്വന്തം പേരിൽ സ്വത്തുക്കൾ വാങ്ങുകയും പിന്നീട് അവ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തെന്നുമാണ് ഇഡി കണ്ടെത്തിയത്.
നേരത്തേ കേസില്‍ കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും അടക്കം സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു. 19.6 കോടി രൂപയുടെ സ്വത്തുക്കളായിരുന്നു കണ്ടുകെട്ടിയത്. കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും പുറമേ ഇവരുടെ കുടുംബാംഗങ്ങള്‍, ബിസിനസ് പങ്കാളികള്‍ എന്നിവരുടെ പലയിടത്തായുള്ള ഭൂമിയും കെട്ടിടങ്ങളുമടക്കമുള്ള സ്വത്തുക്കളും ഇ ഡി കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമായിരുന്നു നടപടി.

