എല്ലാവരെ പോലെയും ഓടിച്ചാടി നടന്നിരുന്ന ഷെറിന്‍ ഷഹാനയെ വീല്‍ചെയറിലാക്കിയത് ആറ് വര്‍ഷങ്ങൾക്ക് മുമ്പ് സംഭവിച്ച അപ്രതീക്ഷിത ദുരന്തമാണ്. എന്നാൽ വിധിയെപ്പഴിച്ച് ഒതുങ്ങിക്കൂടാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം പറക്കാനായിരുന്നു ഷെറിന്റെ തീരുമാനം. വിധിയെയും മറികടന്ന് മുന്നേറുന്നതിനിടെ വീണ്ടുമൊരു അപകടംപറ്റി ആശുപത്രി കിടക്കയില്‍ സര്‍ജറി കാത്ത് കിടക്കവെയാണ് ഇന്ന് സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിക്കുന്നത്. വിധിയോടും പടവെട്ടി ഷെറിന്‍ ഷഹാന ദേശീയ തലത്തില്‍ 913-ാം റാങ്കാണ് നേടിയെടുത്തത്.
അഞ്ചു വര്‍ഷം മുമ്പുള്ള ഒരു അപ്രതീക്ഷിത അപകടമാണ് ഷെറിന്റെ ജീവിതം വീല്‍ചെയറിലാക്കിയത്. പി.ജി പരീക്ഷ കഴിഞ്ഞ് അവധിക്കാലത്തെ ആദ്യ ദിവസം ടെറസില്‍ ഉണക്കാനിട്ട വസ്ത്രം എടുക്കാന്‍ പോയതായിരുന്നു ഷെറിന്‍. മഴ പെയ്ത് കുതിര്‍ന്നു കിടന്നതുകൊണ്ട് വസ്ത്രം വലിച്ചെടുക്കുന്നതിനിടെ വഴുതി മുന്നോട്ട് ആഞ്ഞു. സണ്‍ഷെയ്ഡില്‍ ചെന്നിടിച്ച് ഷെറിൻ താഴേക്ക് വീണു.വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു, രണ്ട് വാരിയെല്ലുകള്‍ പൊട്ടി.
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഷെറിന് അധികകാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നു പോലും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ജീവിതത്തിൽ അവിടെ നിന്നാരംഭിച്ച പോരാട്ടമാണ് നെറ്റ് പരീക്ഷാ വിജയത്തിലും പിന്നാലെ സിവില്‍ സര്‍വീസും നേടുന്നതിലേക്ക് ഷെറിനെ കൊണ്ട് ചെന്നെത്തിച്ചത്.
പരേതനായ ഉസ്മാന്റെയും ആമിനയുടെയും ഇളയ മകളാണ് ഷെറിൻ. കോഴിക്കോട് നിന്നുള്ള യാത്രയ്ക്കിടെ താമരശ്ശേരിയില്‍ വെച്ച് ഷെറിന്‍ മറ്റൊരു അപകടത്തില്‍പ്പെട്ടു. ഈ അപകടത്തില്‍ കാലിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോൾ. അവിടെവെച്ചാണ് സിവിൽ സർവീസ് നേട്ടം ഷെറിൻ അറിയുന്നത്.

