Wednesday, May 1, 2024
spot_img

മകനും ഭർത്താവിനെ പോലെ മദ്യപാനിയാകുമെന്ന് ഭയം; രണ്ട് വയസുകാരന് ചോറിൽ ഫ്യൂരിഡാൻ കലർത്തി നൽകിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് അമ്മ

ഇടുക്കി: മകന് വിഷം നൽകിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്. കാന്തല്ലൂർ ചമ്പക്കാട് വനവാസി കോളനിയിലെ എസ് ശെൽവിയാണ് അറസ്റ്റിലായത്. വിഷം ഉള്ളിൽ ചെന്ന് അവശനിലയിലായ മകൻ നീരജിനെ നാട്ടുകാർ ചേർന്ന് ഉദുമലൈപ്പേട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മറയൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കാന്തല്ലൂരിൽ കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഭർത്താവിനെ കണ്ടാണ് മകൻ വളരുന്നത്. മുതിർന്നു കഴിഞ്ഞാൽ മകനും മദ്യപാനിയാകുമെന്ന ഭയത്തിലാണ് ശെൽവി കുട്ടിയ്‌ക്ക് വിഷം നൽകിയതെന്നും പോലീസ് പറഞ്ഞു. സംഭവ ദിവസം രാവിലെയും ഭർത്താവ് വീട്ടിൽ മദ്യപിച്ചെത്തി പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു.

ചോറിൽ കീടനാശിനിയായ ഫ്യൂറിഡാൻ ചേർത്താണ് സെൽവി നീരജിന് നൽകിയത്. വിഷത്തിന്റെ രൂക്ഷഗന്ധം പടർന്നതോടെ അയൽവാസികൾ വീട്ടിലെത്തുകയായിരുന്നു. അവശനിലയിലായ നീരജിനെയും സമീപമിരുന്ന് കരയുന്ന ശെൽവിയെയുമാണ് ഇവർ കണ്ടത്. ചോദിച്ചപ്പോൾ മകന് ചോറിൽ വിഷം ചേർത്ത് നൽകിയെന്നും താനും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ശെൽവി നാട്ടുകാരോട് പറഞ്ഞു.

ചിന്നാർ വന്യജീവി സങ്കേതത്തിലെ താത്ക്കാലിക ജീവനക്കാരനാണ് ശെൽവിയുടെ ഭർത്താവ് ഷാജി. ഇയാൾ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് നാട്ടുകാർ പറഞ്ഞു. അടുത്തിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ അടക്കമുള്ള സാധനങ്ങൾ വിറ്റും ഇയാൾ മദ്യപിച്ചിരുന്നു. ഷാജിക്കും ശെൽവിക്കും മൂന്ന് പെൺകുട്ടികൾ കൂടി ഉണ്ട്.

Related Articles

Latest Articles