പഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യയുടെ ആക്രമണം ഭയന്ന് കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളിൽ വ്യോമഗതാഗതം തടഞ്ഞ് പാകിസ്ഥാൻ. സുരക്ഷ കാരണങ്ങള്‍ മുൻനിർത്തിയാണ് നടപടിയെന്നാണ് പാകിസ്ഥാൻ നൽകുന്ന ഔദ്യോഗിക വിശദീകരണം. ഇന്ത്യ തിരിച്ചയച്ച പാക് പൗരൻമാരെ സ്വീകരിക്കാതെ പാകിസ്ഥാൻ വാഗ അതിർത്തി അടച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് അട്ടാരി അതിർത്തി വഴി പാകിസ്ഥാൻ പൗരൻമാരെ കടത്തി വിടുന്നത് ഇന്ത്യ തുടരും. അതിർത്തി ഇന്ന് മുതൽ അടയ്ക്കാനുള്ള തീരുമാനമുണ്ടെങ്കിലും പാകിസ്ഥാനികളെ മടക്കി അയക്കാനായി ഇത് തുറക്കും.
പാകിസ്ഥാനിലേക്കുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും നിർത്തി വയ്ക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. പോസ്റ്റൽ സർവീസ് നിർത്തി വയ്ക്കുന്നത് പരിഗണനയിലാണ്. തിരിച്ചടിക്ക് സമയവും സാഹചര്യവവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്താക്കിയതിന് പിന്നാലെ സൈന്യം കര്‍മ്മപദ്ധതി തയ്യാറാക്കുകയാണ്. ഇതിന്‍റെ പുരോഗതി കരസേന മേധാവി ഇന്നലെ പ്രധാനമന്ത്രിയോട് വിശദീകരിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം രാത്രി മൂന്ന് മേഖലകളിൽ രാത്രി പാകിസ്ഥാൻ വെടിയുതിർക്കുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു. ലഫ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്ന് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി.

