Sunday, May 19, 2024
spot_img

കുമാരസ്വാമി സർക്കാർ വീണതോടെ ഇനി രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത് പുതിയ മുഖ്യമന്ത്രിലേക്ക്; കർണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജനതാ ദള്‍ (എസ്) സര്‍ക്കാര്‍ താഴെവീണ സാഹചര്യത്തിലാണ് ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായത്. സ്വതന്ത്രന്‍ അടക്കം രണ്ടുപേരുടെ പിന്തുണയോടെ പാര്‍ട്ടിക്ക് 107 പേരുടെ അംഗബലമുണ്ട്.

2007-ലാണ് യെദ്യൂരപ്പ ആദ്യമായി മുഖ്യമന്ത്രിയായത്. അന്നും പിന്നീടുവന്ന അവസരങ്ങളിലും അദ്ദേഹത്തിനു കാലാവധി പൂര്‍ത്തിയാക്കാനായിരുന്നില്ല. ആര്‍എസ്എസിലൂടെയാണ് യെദ്യൂരപ്പ രാഷ്ട്രീയത്തില്‍ സജീവമായത്. കര്‍ണാടകത്തിലെ പ്രബലമായ ലിംഗായത്ത് സമുദായത്തിന്റെ വലിയ പിന്തുണ അദ്ദേഹത്തിനുണ്ട്. ജനപിന്തുണ പരിഗണിച്ചാണ് 76-കാരനായ യെദ്യൂരപ്പയെ ബി.ജെ.പി. കേന്ദ്രനേതൃത്വം മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി വീണ്ടും പ്രഖ്യാപിച്ചത്. 75 വയസ്സുകഴിഞ്ഞവരെ പദവിയില്‍നിന്നു മാറ്റിനിര്‍ത്താനുള്ള തീരുമാനം ഇളവുചെയ്താണ് അദ്ദേഹത്തെ തുടരാന്‍ അനുവദിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റില്‍ 25 എണ്ണത്തിലും ബി.ജെ.പി. ജയിച്ചതും അദ്ദേഹത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതായി.

ബി ജെ പി. സംസ്ഥാനാധ്യക്ഷന്‍, ദേശീയ ഉപാധ്യക്ഷന്‍ തുടങ്ങി വിവിധ പദവികള്‍ വഹിച്ച യെദ്യൂരപ്പ ശിവമോഗയിലെ ശിക്കാരിപുരയില്‍നിന്ന് തുടര്‍ച്ചയായി ആറുതവണ തിരഞ്ഞെടുക്കപ്പെട്ടു. 2014-ല്‍നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവുംവലിയ ഭൂരിപക്ഷത്തിനാണ് ശിവമോഗയില്‍നിന്നു ജയിച്ചത്.

അനധികൃത ഇരുമ്പയിരു ഖനനക്കേസില്‍ ആരോപണവിധേയനായതിനെത്തുടര്‍ന്ന് 2011-ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. തുടര്‍ന്ന് ബി ജെ പി.യുമായി തെറ്റിയ യെദ്യൂരപ്പ 2012-ല്‍ പാര്‍ട്ടിവിട്ട് കെ.ജെ.പി. രൂപവത്കരിച്ചു. 2013-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ തോല്‍വി കനത്തതായിരുന്നു. യെദ്യൂരപ്പയുടെ ജനപിന്തുണ കണ്ടറിഞ്ഞാണ് ബി ജെ പി.യില്‍ തിരിച്ചെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി ജെ പി ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി അടുത്തബന്ധമുള്ള നേതാവുകൂടിയാണ് യെദ്യൂരപ്പ.

Related Articles

Latest Articles