Saturday, January 3, 2026

ബാറുകളും മാളുകളും തുറക്കാം: തിയേറ്ററുകൾ മാത്രം അടക്കുന്നത് എന്തിന്? ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഫെഫ്കയുടെ കത്ത്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി സി ക്യാറ്റഗറി വരുന്ന ജില്ലകളിലെ (Theater) തിയേറ്ററുകൾ അടക്കുന്നതിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രിയ്ക്ക് സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ കത്ത്. ബാറുകളും മാളുകളും തുറന്ന് പ്രവർത്തിക്കുമ്പോൾ തിയേറ്ററുകൾ മാത്രം അടക്കുന്നതിന്റെ ശാസ്ത്രീയ വശമെന്തെന്ന് ഫെഫ്ക ചോദിക്കുന്നു. പ്രേക്ഷകരോട് ഇക്കാര്യത്തിൽ വിദഗ്ധ സമിതി ഉത്തരം പറയണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

അമ്പത് ശതമാനം സീറ്റുകൾ മാത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ പ്രേക്ഷകർക്കായി മാറ്റിവെച്ചിട്ടുള്ളത്. പ്രവേശനം ഒരു ഡോസെങ്കിലും വാക്സിനെടുത്തവർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. എല്ലാവരും മാസ്കുകൾ ധരിച്ചാണ് തിയറ്ററിനുള്ളിൽ സിനിമ കാണുന്നത്. മുഖങ്ങൾ സ്ക്രീനിന്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു.

ഭക്ഷണ പാനിയങ്ങൾ ഓഡിറ്റോറിയത്തിനുള്ളിൽ വിതരണം ചെയ്യപ്പെടുന്നില്ല. ഒരാളും മറ്റൊരാളും തമ്മിൽ ഒരു സീറ്റിന്റെ അകലമുണ്ട്. ഈ വസ്തുതകളെല്ലാം തിയേറ്ററുകളെ റെസ്റ്ററന്റുകളിൽ നിന്നും, ബാറുകളിൽ നിന്നും, സ്പാ, സലൂണുകളിൽ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ടെന്നും കത്തിൽ പറയുന്നു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേതുപോലെ തിയറ്ററുകൾക്കെതിരായ സമീപനമില്ലെന്നും ഫെഫ്ക കൂട്ടിച്ചേർത്തു.

Related Articles

Latest Articles